റവന്യൂകാര്‍ഡ് കുറ്റമറ്റതാക്കും: മാണി
തിരുവനന്തപുരം: വിവാദമുയര്‍ത്തിയ റവന്യൂ കാര്‍ഡ് സമ്പ്രദായം പുനഃക്രമീകരിച്ച് കുറ്റമറ്റ രീതിയില്‍ പരിഷ്കരിക്കുമെന്ന് റവന്യൂ-നിയമമന്ത്രി കെ.എം. മാണി പറഞ്ഞു. നിയമാനുസൃതം അധികാരങ്ങള്‍ വികേന്ദ്രീകരിച്ചു നല്‍കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും.
ജൂണ്‍ ഒന്ന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് കേസരി സ്മാരക ജേര്‍ണലിസ്റ് ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ കാര്‍ഡ് നടപ്പാക്കാന്‍ തീരുമാനിച്ചത് മുന്‍ യുഡിഎഫ് സര്‍ക്കാരാണ്. നായനാര്‍ സര്‍ക്കാര്‍ അത് നിയമമാക്കുക മാത്രമാണ ചെയ്തത് - മാണി ചൂണ്ടിക്കാട്ടി.
പക്ഷെ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ചട്ടങ്ങള്‍ ഇതുവരെ നിലവില്‍ വന്നിട്ടില്ല. നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന വിജ്ഞാപനം നടത്താത്തതിനാലാണിത്. അതിനാല്‍ ഇപ്പോള്‍ റവന്യൂ കാര്‍ഡിന് നിയമസാധുതയില്ല. റവന്യൂ ബോര്‍ഡ് പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും അധികാരമെല്ലാം ഇപ്പോഴും കമ്മീഷണര്‍മാരില്‍ നിക്ഷിപ്തമാണ്. ഇത്തരത്തിലുള്ള അപാകതകള്‍ പരിഹരിച്ച് ഈ സമ്പ്രദായത്തെ കുറ്റമറ്റതാക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം.
റവന്യൂ കുടിശ്ശികകള്‍ പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. കുടിശ്ശിക തിരിച്ചടക്കുന്നതിന് തരംതിരിവില്ലാതെ സ്റേ അനുവദിക്കുകയുമില്ല. എന്നാല്‍ ഗഡുക്കള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
കൃഷിക്കാര്‍ക്ക് അവരവരുടെ കൈവശഭൂമിയില്‍ സ്ഥിരാവകാശം നല്‍കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തും. ജന്മിമാരുടെ ചൂഷണത്തിന് വിധേയരായ ചെറുകിട കര്‍ഷകരെ സംരക്ഷിക്കുന്നതിന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ബില്ല് കൊണ്ടു വന്നിരുന്നു. ഇത് നായനാര്‍ സര്‍ക്കാര്‍ നിയമമാക്കുകയും ചെയ്തു. എങ്കിലും നിയമത്തില്‍ ഇപ്പോഴും അപാകതകള്‍ ഉണ്ട്.
വായ്പകള്‍ തിരിച്ചടക്കാത്തതു കാരണം ഭവനനിര്‍മ്മാണ ബോര്‍ഡ് കടക്കെണിയില്‍ പെട്ടിരിക്കുകയാണ്. ഹഡ്കോയില്‍ നിന്നെടുത്ത 121 കോടി രൂപയുടെ കുടിശിക തിരിച്ചടക്കാതെ പുതിയ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ രണ്ടു കോടി രൂപമാത്രമാണ് നീക്കിയിരിപ്പുള്ളത്.
പുതുതായി രൂപീകരിച്ച താലൂക്കുകളുടെ അതിര്‍ത്തി നിര്‍ണയിച്ചിട്ടില്ലെന്ന് ഒരു ചോദ്യത്തിനുത്തരമായി മാണി പറഞ്ഞു. ഏറെ താമസിയാതെ അതിര്‍ത്തി പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കും.












Click it and Unblock the Notifications