വാഹിദ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കോണ്‍ഗ്രസ് റിബലായി മത്സരിച്ച് ജയിച്ച എം.എ. വാഹിദ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു.
മുഖ്യമന്ത്രി എ.കെ. ആന്റണിയും കെപിസിസി പ്രസിഡണ്ട് കെ. മുരളീധരനും തന്നെ വീണ്ടും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് ജൂണ്‍ രണ്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണം വാഹിദ് സ്വീകരിക്കുമെന്നാണ് സൂചന.
വാഹിദ് കൂടി യുഡിഎഫ് ക്യാമ്പിലേക്ക് തിരിച്ചെത്തുന്നതോടെ മുന്നണിയുടെ നിയമസഭയിലെ അംഗസംഖ്യ 100 ആയി ഉയരും. കോണ്‍ഗ്രസിന്റെ അംഗങ്ങളായി 63 പേര്‍ സഭയിലുണ്ടാകും. പ്രതിപക്ഷമായ എല്‍ഡിഎഫിന് ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 40 അംഗങ്ങളാണുള്ളത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവായിരുന്ന എം.എ. വാഹിദ് തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കഴക്കൂട്ടത്ത് വിമതസ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. യുഡിഎഫ് ധാരണപ്രകാരം മുസ്ലിംലീഗിനായിരുന്നു ഈ സീറ്റ് അനുവദിച്ചിരുന്നത്. ഇതനുസരിച്ച് ലീഗ് ആദ്യം അല്‍ത്താഫിനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും അവസാനനിമിഷം മുഹമ്മദ് അലി നൗഷാദിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു.
യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ നൗഷാദിന് ഈ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. സിപിഎമ്മിലെ ബിന്ദു ഉമ്മറിനെ 10,000ത്തിലേറെ വോട്ടിന് പരാജയപ്പെടുത്തിയാണ് വാഹിദ് കഴക്കൂട്ടത്ത് ചരിത്രം സൃഷ്ടിച്ചത്.












Click it and Unblock the Notifications