സ്ഫോടനം: പിന്നില്‍ അരാഫത്തെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ടെല്‍ അവീവിലെ നിശാക്ലബില്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച പലസ്തീന്‍ പോരാളിയുടെ ബോംബാക്രമണത്തില്‍ 17 ഇസ്രയേലികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ പലസ്തീന്‍ നേതാവ് അരാഫത്താണെന്ന് ഇസ്രയേല്‍ . ഇസ്രയേല്‍ റേഡിയോ ആണ് അരാഫത്തിനെ പരസ്യമായി അപലപിച്ചിരിക്കുന്നത്. ഇസ്രയേല്‍ സര്‍ക്കാരും അരാഫത്തിനെ കുറ്റപ്പെടുത്തി.
പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തും ആക്രമണത്തെ ശക്തിയായി വിമര്‍ശിച്ചിരുന്നു . എന്നാല്‍ അരാഫത്തിന്റെ പ്രസ്താവന വ്യാജമാണെന്ന് ഇസ്രയേലി റേഡിയോ തള്ളിക്കളഞ്ഞു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയില്‍ വീണ്ടും രക്തച്ചൊരിച്ചില്‍ തുടരുമെന്ന് കരുതുന്നു.
അമേരിക്കയുടെ മുന്‍കയ്യില്‍ നടന്ന സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടുമാസമായി ഇസ്രയേല്‍ - പലസ്തീന്‍ യുദ്ധം മൂര്‍ച്ഛിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും അമേരിക്ക ഒരുവട്ടം കൂടി സമാധാനചര്‍ച്ചകള്‍ക്ക് ഒരുക്കം കൂട്ടുകയായിരുന്നു. അമേരിക്കയുടെയും മറ്റും സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇസ്രയേല്‍ കഴിഞ്ഞദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് വെള്ളിയാഴ്ചത്തെ സ്ഫോടനം.
കൗമാരക്കാര്‍ക്കുവേണ്ടിയുള്ള ക്ലബില്‍ നടന്ന ബോംബാക്രമണത്തില്‍ 90 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഇസ്രയേലിനെതിരെ നടക്കുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. പലസ്തീന്‍ യുവാവ് ശരീരത്തോട് ചേര്‍ത്തുകെട്ടിയ ബോംബ് പൊട്ടിയതോടെ ചുറ്റിലും കൂടിനിന്നിരുന്ന ചെറുപ്പക്കാരുടെ ശരീരത്തിലേക്ക് ആണികളും വെടിയുണ്ടകളും തുളച്ച് കയറുകയായിരുന്നു.
ക്ലബിന് പുറത്ത് പാര്‍ക്ക് ചെയ്തവരുടെ വാഹനങ്ങളില്‍ വരെ സ്ഫോടനത്തിന്റെ ശക്തിമൂലം മാംസവും രക്തവും പറ്റിയിരുന്നു.












Click it and Unblock the Notifications