ദേവയാനിയോടുള്ള പ്രണയം കൊലപാതകിയാക്കി
കാഠ്മണ്ഡു: ദേവയാനി റാണാ.... നേപ്പാള്‍ മുന്‍മന്ത്രി പശുപതി സുമഷേര്‍ ജെ.ബി. റാണയുടെ മകള്‍. ദേവയാനിയെ വിവാഹം കഴിക്കണമെന്ന രാജകുമാര്‍ ദീപേന്ദ്രയുടെ ആഗ്രഹമാണ് നേപ്പാള്‍ രാജകുടുംബത്തിലെ കൂട്ടക്കൊലക്ക് വഴിവച്ചത് എന്ന അഭിപ്രായം ഇപ്പോള്‍ നേപ്പാളില്‍ ശക്തിപ്പെടുകയാണ്.
ദേവയാനിയുമായുള്ള ബന്ധത്തെ ആദ്യം മുതല്‍ക്കു തന്നെ ഐശ്വര്യ രാജ്ഞി എതിര്‍ത്തിരുന്നുവത്രെ. ഷാ വംശത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിക്കണമെന്നായിരുന്നു രാജ്ഞിയുടെ ആഗ്രഹം. ഈ എതിര്‍പ്പ് അവസാനം ബീരേന്ദ്ര രാജാവ്, ഐശ്വര്യ രാജ്ഞി, സഹോദരി, ബന്ധുക്കള്‍ എന്നിവരെ കൊല്ലുന്നതില്‍ വരെ ദീപേന്ദ്രയെ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.
ഇന്ത്യയിലെ സിന്ധ്യ രാജ കുടുംബവുമായി ബന്ധമുള്ളയാളാണ് ദേവയാനിയുടെ അച്ഛന്‍ ജെ.ബി. റാണാ. ഇദ്ദേഹം ഇപ്പോള്‍ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ്.
എന്നാല്‍ ഈ വിവരം എല്ലാവരും വിശ്വസിക്കുന്നില്ല. രാജാവും രാജ്ഞിയും കുടുംബവും കൊല്ലപ്പെടാനുണ്ടായ കാരണം എന്തെന്നും ആരാണ് കൊല ചെയ്തതെന്നും സംബന്ധിച്ച് ഇതുവരെ ആധികാരികമായ വിവരം പുറത്തുവന്നിട്ടില്ല. രാജകുമാരന്റെ വിവാഹം സംബന്ധിച്ച് വിവാദം ഉണ്ടായിരുന്നെങ്കിലും അതാണ് കൊലയ്ക്ക് കാരണമെന്ന് പലരും വിശ്വസിക്കുന്നില്ല.
ജൂണ്‍ രണ്ട് ശനിയാഴ്ച പുലര്‍ച്ചെയാണ് രാജാവിനെയും രാജ്ഞിയെയും കുടുംബാംഗങ്ങളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരെ കൊല ചെയ്തു എന്നു പറയപ്പെടുന്ന രാജകുമാരന്‍ ദീപേന്ദ്ര സ്വയംവെടിവച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ആണ്. അതേസമയം രാജകുമാരന്‍ ദീപേന്ദ്ര വൈദ്യശാസ്ത്രപരമായി മരിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ദീപേന്ദ്രയെ തന്നെയാണ് രാജകുടുംബം അനന്തരാവകശിയായി തിരഞ്ഞെടുത്തിരിക്കുന്നത്.












Click it and Unblock the Notifications