നേപ്പാള്‍: ഇന്ത്യ അനുശോചിച്ചു
ദില്ലി: നേപ്പാളിലെ ബീരേന്ദ്ര രാജാവും ഐശ്വര്യ രാജ്ഞിയും മറ്റു കുടുംബാംഗങ്ങളും കൂട്ടക്കൊല ചെയ്യപ്പെട്ടതില്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനും പ്രധാനമന്ത്രി എ.ബി. വാജ്പേയിയും അനുശോചിച്ചു. ജൂണ്‍ മൂന്ന് ഞായറാഴ്ച ദില്ലിയിലെ നേപ്പാളീസ് എംബസി സന്ദര്‍ശിച്ച് രാഷ്ടപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
അന്തരിച്ച ബീരേന്ദ്രരാജാവ് മഹാനായ നേതാവായിരുന്നുവെന്ന് രാഷ്ട്രപതി നാരായണന്‍ അനുസ്മരിച്ചു. നേപ്പാള്‍ ജനതയ്ക്ക് മറക്കാനാകാത്ത ദുരന്തമാണിത്. ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പേരിലും സ്വന്തം പേരിലും ഈ ദുരന്തത്തിലുള്ള ദുഃഖം നേപ്പോള്‍ സര്‍ക്കാരിനെയും ജനതയെയും അറിയിക്കുന്നു. നേപ്പാള്‍ ജനതയ്ക്ക് ഈ ദുഃഖം സഹിക്കാനുള്ള കരുത്ത് ദൈവം പ്രദാനം ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു, എംബസിയിലെ അനുശോചന പുസ്തകത്തില്‍ രാഷ്ട്രപതി എഴുതി.
രാവിലെ 9.15ന് എംബസിയില്‍ എത്തിയ രാഷ്ട്രപതിയെ അംബാസഡര്‍ ഭേഖ് ബഹാദൂര്‍ താപ സ്വീകരിച്ചു. വിദേശകാര്യ സെക്രട്ടറി ചൊകില അയ്യരും സന്നിഹിതയായിരുന്നു.
രാഷ്ട്രപതി പോയി കുറച്ചു കഴിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്. അദ്ദേഹവും എംബസിയില്‍ സൂക്ഷിച്ച പുസ്തകത്തില്‍ അനുശോചന സന്ദേശം രേഖപ്പെടുത്തി. നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയെ ഫോണ്‍ വിളിച്ച് വാജ്പേയി ശനിയാഴ്ച തന്നെ ദുഃഖം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications