അക്രമം വീണ്ടും, കാസര്‍കോട്ട് ഇന്ന് സര്‍വകക്ഷിയോഗം
കാസര്‍കോട്: അക്രമസംഭവങ്ങളെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാസര്‍കോട്ട് ജില്ലയില്‍ ജൂണ്‍ മൂന്ന് ഞായറാഴ്ച സര്‍വകക്ഷി സമാധാന യോഗം നടക്കും. ജില്ലാ കളക്ടര്‍ പി.സി. ജോണിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം വൈകുന്നേരം മൂന്നു മണിക്കാണ് തുടങ്ങുക.
ചെറുവത്തൂര്‍, പടന്ന തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോഴും മുസ്ലിംലീഗ്-സിപിഎം സംഘര്‍ഷം തുടരുകയാണ്. വിദ്യാനഗറിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ഞായറഴ്ച പുലര്‍ച്ചെ ബോംബേറ് നടന്നു. ഓഫീസ് കെട്ടിടത്തില്‍ മൂന്നു ബോംബുകള്‍ പതിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. പടന്നയില്‍ സിപിഎം പ്രവര്‍ത്തകന്റെ കട തകര്‍ത്തു. പലയിടങ്ങളിലായി നടന്ന അക്രമങ്ങളില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കോട്ടക്കുളത്തെ മുസ്ലിംലീഗ് ഓഫീസ് ശനിയാഴ്ച രാത്രി അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു. ഉദുമയിലെ ലീഗ് ഓഫീസിനും പടന്നയിലെ ലീഗ് നിയന്ത്രണത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിനു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
അതിനിടെ കണ്ണൂരിലെ പാനൂരില്‍ നിന്ന് ചെറുവത്തൂരിലേക്ക് ചാക്ക് നിറയെ ബോംബെത്തിയിട്ടുണ്ടെന്ന വാര്‍ത്ത മേഖലയില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. തീവണ്ടി വഴിയാണ് ബോംബെത്തിയത് എന്ന് കരുതുന്നു. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജില്ലയില്‍ ശക്തമായ പൊലീസ് കാവലുണ്ട്. മലബാര്‍ സ്പെഷ്യല്‍ പൊലീസും രംഗത്തുണ്ട്. സമാധാനന്തരീക്ഷം കൈവരുത്താനായി ഉത്തരമേഖലാ ഐ.ജി. അല്‍ഫോണ്‍സ് ലൂയിസ് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ചെര്‍ക്കളം അബ്ദുള്ളയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ജില്ലയിലെത്തിയ ചെര്‍ക്കളം അബ്ദുള്ളയുടെ സ്വീകരണം മുടങ്ങിയതിനോടനുബന്ധിച്ചുണ്ടായ ചെറുവത്തൂരിലുണ്ടായ അക്രമങ്ങള്‍ ജില്ലയുടെ പല ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. മടക്കരയില്‍ ശനിയാഴ്ച പൊലീസ് ആകാശത്തേക്ക് വെടിവച്ചിരുന്നു.












Click it and Unblock the Notifications