പാലക്കാട് ബസുമതി വന്‍ വിജയം
പാലക്കാട്: പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് നടത്തിയ ബസുമതി നെല്ലിന്റെ വിളവെടുപ്പ് വന്‍ വിജയം. ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മുണ്ടായം എന്ന സ്ഥലത്തെ അഞ്ച് ഹെക്ടര്‍ തരിശു നിലത്താണ് ബസുമതി പരീക്ഷിച്ചത്. മുണ്ടായം പാടശേഖര സമിതിയിലെ എട്ടുകര്‍ഷകരുടെ നേതൃത്വത്തിലായിരുന്നു കൃഷി നടത്തിയത്.
ഒന്നര ഇരട്ടിയായിരുന്നു വിളവ്. സാധാരണ നെല്‍കൃഷിയില്‍ നിന്നുള്ള വിളവിന്റെ ഒന്നര മടങ്ങ്. സാധാരണ നിലത്ത് വിളവിങ്ങിനെയെങ്കില്‍ കൃഷിയ്ക്കനുകൂലമായ പാടശേഖരങ്ങളില്‍ ബസുമതി നന്നായി വിളയുമെന്ന് കര്‍ഷകര്‍ കരുതുന്നു. കഴിഞ്ഞ കുറേ നാളുകളായി കാര്‍ഷികത്തൊഴിലാളികളുടെ ക്ഷാമവും കൂലിക്കൂടുതലും നെല്ലിന്റെ വിലയിടിവും എല്ലാം കര്‍ഷകരെ നിരാശപ്പെടുത്തിയിരുന്നു.
എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വന്‍മാര്‍ക്കറ്റുള്ള ബസുമതിയുടെ വിളവെടുപ്പ് കൃഷിക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 75 ശതമാനവും ബസുമതിയാണ്. രാസവളം പകുതി മതിയെന്നതും ഉല്പാദനച്ചെലവ് കുറവാണെന്നതും ബസുമതി കൃഷിയുടെ പ്രത്യേകതയാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വിരമിച്ചവരായ പ്രഫ. കരുണാകരന്‍, ആര്‍. നാച്ചിമുത്തു, പാലക്കാട് കൃഷി ജോയിന്റ് ഡയറക്ടര്‍ വി.വി. പുഷ്പാംഗദന്‍ എന്നിവരാണ് ഇതിനു പിന്നില്‍. ബസുമതിയ്ക്ക് കിലോഗ്രാമിന് 15രൂപ വിലകിട്ടുന്നുണ്ട്. പൊതു വിപണിയില്‍ ബസുമതിയ്ക്ക് 25 രൂപ വരെ വിലയുണ്ട്.












Click it and Unblock the Notifications