ദീപേന്ദ്ര മരിച്ചെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍
കാഠ്മണ്ഡു: ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ രാജാവ് ദീപേന്ദ്ര മരിച്ചെന്ന് കാഠ്മണ്ഡുവില്‍ നിന്നുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാഠ്മണ്ഡുവിലെ സൈനിക ആശുപത്രിയില്‍ ജൂണ്‍ നാല് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ദീപേന്ദ്ര രാജാവിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രാജപരിഷത്ത് തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. ഇതേ യോഗത്തില്‍ തന്നെ താല്‍ക്കാലിക രാജാവായി ചുമതലയേറ്റ ജ്ഞാനേന്ദ്രയെ പുതിയ രാജാവായി പ്രഖ്യാപിക്കുകയും ചെയ്യും.
രാജ്യകാര്യ കൗണ്‍സിലിലെ ഒരംഗമാണ് ദീപേന്ദ്ര രാജാവ് മരിച്ചെന്ന് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. അദ്ദേഹം ആരാണെന്ന് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുണ്ടായതിനെത്തുടര്‍ന്ന് വാര്‍ത്താ ഏജന്‍സി വക്താവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ദീപേന്ദ്ര രാജാവ് മരിച്ചെന്നതിന് നേപ്പാള്‍ സര്‍ക്കാരോ രാജകൊട്ടാരമോ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ രാജ്യകാര്യങ്ങള്‍ നോക്കുന്ന 125 അംഗ സ്റേററ് കൗണ്‍സില്‍ ഉടന്‍ തന്നെ യോഗം ചേരുമെന്ന് അറിയുന്നു.
ജൂണ്‍ ഒന്ന് വെള്ളിയാഴ്ച രാത്രി രാജകൊട്ടാരത്തില്‍ വച്ച് ബീരേന്ദ്ര രാജാവും ഐശ്വര്യാ രാജ്ഞിയും സഹോദരനും സഹോദരിയും ഉള്‍പ്പെടെ 11 പേരെ വെടിവച്ചു കൊന്നത് ദീപേന്ദ്രയാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യശാസ്ത്രപരമായി അദ്ദേഹം മരിച്ചിരുന്നുവെങ്കിലും അബോധാവസ്ഥയിലാണ് എന്നാണ് ഔദ്യോഗികവിശദീകരണം ഉണ്ടായിരുന്നത്. തുടര്‍ന്ന് രാജപരിഷത്ത് കൂടി ദീപേന്ദ്രയെ തന്നെ അടുത്ത രാജാവായും ജ്ഞാനേന്ദ്രയെ താല്‍ക്കാലിക രാജാവായും പ്രഖ്യാപിച്ചു.
അതേസമയം രാജകുടുംബം കൂട്ടക്കൊല ചെയ്യപ്പെട്ടതില്‍ നേപ്പാളില്‍ പ്രതിഷേധം ഇരമ്പുകയാണ്. ജൂണ്‍ മൂന്ന് ഞായറാഴ്ച വൈകുന്നേരം പ്രതിഷേധക്കാര്‍ മോട്ടോര്‍ സൈക്കിള്‍ പരേഡുകള്‍ നടത്തി. രാജകൊട്ടാരത്തിനു മുന്നിലും ദര്‍ബാര്‍ റോഡിലും പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയും ചെയ്തു. കൊട്ടാരത്തിന്റെ പ്രവേശനകവാടത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications