വടക്കുന്നാഥനിലെ ഇലഞ്ഞിമരം കടപുഴകി
തൃശൂര്‍ : വടക്കുന്നാഥ ക്ഷേത്രത്തിലെ പ്രശസ്തമായ ഇലഞ്ഞിമരം കടപുഴകി വീണു. ജൂണ്‍ ഏഴ് വ്യാഴാഴ്ചയാണ് മരം കാറ്റില്‍ കടപുഴകിവീണത്. ഈ ഇലഞ്ഞിമരച്ചുവട്ടിലാണ് തൃശൂര്‍ പൂരത്തില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം നടക്കുന്നത്.
വേരുകളില്‍ ചിതല്‍ കയറിയതിനാലാണ് ഇലഞ്ഞിമരം മറിഞ്ഞുവീണതെന്ന് ക്ഷേത്രഭാരവാഹികള്‍ പറയുന്നു. മരം കാണാന്‍ ക്ഷേത്രത്തിനകത്തേക്ക് ജനം തള്ളിക്കയറുകയാണ്.
200 വര്‍ഷം മുന്‍പാണ് ഈ ഇലഞ്ഞിയുടെ ചുവട്ടില്‍ ഇലഞ്ഞിത്തറമേളം എന്നറിയപ്പെടുന്ന പാണ്ടിമേളം ആരംഭിക്കുന്നത്. പിന്നീട് തൃശൂര്‍ പൂരത്തിന്റെ മാത്രം പ്രത്യേകതയായ ഈ പാണ്ടിമേളം കേള്‍ക്കാന്‍ മാത്രം മേളക്കമ്പക്കാര്‍ ദൂരങ്ങള്‍ താണ്ടി ഇലഞ്ഞിച്ചുവട്ടില്‍ എത്തുമായിരുന്നു.
പാണ്ടിമേളം മുറുകുമ്പോള്‍ മേളത്തിന്റെ താളപ്പെരുക്കങ്ങള്‍ക്കൊപ്പിച്ച് ഇലഞ്ഞിമരത്തിന്റെ ഇലകള്‍ നൃത്തംവയ്ക്കുമെന്നും മേളക്കമ്പക്കാര്‍ പറയുന്നു. പല്ലാവൂര്‍ അപ്പുമാരാര്‍ , പെരുവനം കുട്ടന്‍ മാരാര്‍ തുടങ്ങി കേരളത്തിലെ പ്രഗത്ഭമതികളായ മേളക്കാര്‍ മുഴുവന്‍ ഈ ഇലഞ്ഞിയുടെ ചുവട്ടില്‍ താളങ്ങളുടെ അത്ഭുതം വിടര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications