കാസര്‍കോട്ട് ലീഗ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു
ഉദുമ: കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ എ. ഹമീദ് ഹാജിയുടെ വീട് അക്രമികള്‍ തകര്‍ത്തു. ജൂണ്‍ ഏഴ് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് മണ്ഡലം ലീഗ് കമ്മിറ്റി ആരോപിച്ചു. എന്നാല്‍ അക്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സമാധാനനിലയിലേക്ക് നീങ്ങുന്ന കാസര്‍കോട്ട് അക്രമസംഭവങ്ങള്‍ വീണ്ടും കുത്തിപ്പൊക്കാന്‍ ഛിദ്രശക്തികള്‍ നടത്തുന്ന പ്രവൃത്തിയാണിതെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു.
എന്നാല്‍ അങ്ങിങ്ങ് ചില അക്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഏതാണ്ട് ഒരാഴ്ചയായി അക്രമസംഭവങ്ങള്‍ തുടരുന്ന കാസര്‍കോട് വ്യാഴാഴ്ച പൊതുവെ സമാധാനമായിരുന്നു.
അതിനിടെ അക്രമത്തില്‍ കടകളും മറ്റും തകര്‍ത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നടത്തിവന്നിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ചെര്‍ക്കളം അബ്ദുള്ള വ്യപാരി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ ധാരണയായത്.
അക്രമങ്ങള്‍ നടന്ന ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ ജൂണ്‍ എട്ട് വെളളിയാഴ്ച യുഡിഎഫ് പ്രതിനിധി സംഘം സന്ദര്‍ശിക്കും. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡണ്ട് കെ. മുരളീധരനുമാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.












Click it and Unblock the Notifications