കശ്മീരില്‍ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പില്ല
ചെന്നൈ: കശ്മീരില്‍ അന്താരാഷ്ട്ര നിരീക്ഷണത്തിന്‍ കീഴില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൂറിയത്ത് കോണ്‍ഫറന്‍സിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി തള്ളി. കശ്മീരില്‍ അന്താരാഷ്ട്ര നിയന്ത്രണത്തിന്‍ കീഴില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന പ്രശ്നമേയില്ലെന്ന് ജൂണ്‍ എട്ട് വെള്ളിയാഴ്ച അദ്വാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര മേല്‍നോട്ടത്തിന്‍ കീഴില്‍ കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ തങ്ങള്‍ സഹകരിക്കാന്‍ തയ്യാറാണെന്ന ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്വാനി.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് മികച്ച രീതിയിലും ജനാധിപത്യപരമായും ആണെന്നും തിരഞ്ഞെടുപ്പ് നടത്തുന്ന രീതി ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്വാനി ചൂണ്ടിക്കാട്ടി.
കശ്മീര്‍ വിഭജനവാദം ഉന്നയിക്കുന്ന 23 പാര്‍ട്ടികളുടെ പൊതുസംഘടനയായ ഓള്‍ പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് ജൂണ്‍ ആറ് ബുധനാഴ്ചയാണ് കശ്മീരില്‍ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ തങ്ങള്‍ സഹകരിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. സംഘടനയുടെ പ്രാതിനിധ്യസ്വാഭാവം വ്യക്തമാക്കാനും തങ്ങളുടെ നിലപാടിന്മേലുള്ള സംശയങ്ങള്‍ ഇല്ലാതാക്കാനും അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ കീഴിലുള്ള തിരഞ്ഞെടുപ്പില്‍ സഹകരിക്കാമെന്ന് ഹൂറിയത്ത് കോണ്‍ഫറന്‍സ് എക്സിക്യൂട്ടീവ് അംഗം അബ്ദുല്‍ ഗനി ലോണ്‍ പ്രസ്താവിച്ചിരുന്നു.
ഹൂറിയത്ത് കോണ്‍ഫറന്‍സ് കശ്മീരി ജനതയുടെ പൊതുവികാരത്തിന്റെ പ്രതിഫലനമാണെന്ന് അബ്ദുല്‍ ഗനി ലോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൂറിയത്ത് കശ്മീരി ജനതയുടെ പ്രതിനിധികളല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ കാര്യ ദൂതന്‍ കെ.സി. പന്തിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ലോണ്‍. കശ്മീര്‍ പ്രശ്നം മനസിലാക്കണമെങ്കില്‍ പന്ത് ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും ലോണ്‍ പറഞ്ഞു.
ജമ്മു- കശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിച്ചത് അംഗീകരിക്കാത്ത കശ്മീരിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം ഹൂറിയത്ത് കോണ്‍ഫറന്‍സാണെന്ന് ലോണ്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താന്‍ ഹൂറിയത്ത് ഒരുക്കമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ദൂതന്‍ പന്തുമായി ഹൂറിയത്ത് പ്രതിനിധികള്‍ ആദ്യം കൂടിക്കാഴ്ച നടത്തണമെന്ന പ്രധാനമന്ത്രി വാജ്പേയിയുടെ നിര്‍ദ്ദേശം ഹൂറിയത്ത് തള്ളിക്കളഞ്ഞിരുന്നു.
പാകിസ്ഥാന്‍ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുഷറഫിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ഹൂറിയത്ത് നേതാക്കളെ അനുവദിക്കില്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഹിന്റെ പ്രസ്താവനയെ ഹൂറിയത്ത് കോണ്‍ഫറന്‍സ് അപലപിച്ചിട്ടുണ്ട്. ജസ്വന്ത് സിംഹിന്റെ പ്രസ്താവന നീതിയുക്തമല്ലെന്ന് അബ്ദുല്‍ ഗനി ലോണ്‍ പറഞ്ഞു.












Click it and Unblock the Notifications