വൈദ്യുതി, യാത്രാനിരക്കുകള്‍ കൂട്ടിയേക്കും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ വൈദ്യുതി-യാത്രാനിരക്കും വെള്ളക്കരവും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത.
പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും കോളേജ് തലത്തിലെ സാധാരണ കോഴ്സുകള്‍ക്കും ഫീസ് വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശത്തെക്കുറിച്ച് അടുത്തുതന്നെ യുഡിഎഫ് ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ അശുപത്രികളില്‍ നിലവിലുള്ള പൂര്‍ണ സൗജന്യം നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ഗൗരവമായ ആലോചന നടക്കുന്നുണ്ട്.
സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കി കഴിഞ്ഞാല്‍ നികുതി വര്‍ദ്ധനവ് പ്രഖ്യാപനങ്ങള്‍ നടത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ നിയമനനിരോധനം കര്‍ശനമായി നടപ്പാക്കേണ്ടതില്ലെന്നാണ് യുഡിഎഫില്‍ അഭിപ്രായമുയര്‍ന്നിട്ടുള്ളത്.
നിയമനനിരോധമില്ലെന്നും എന്നാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയില്ലെന്നും ജൂണ്‍ എട്ട് വെള്ളിയാഴ്ച ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനനിരോധനം ഏര്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ നികുതി വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ വേണ്ടിവരുമെന്നും ഇതിന് എല്ലാ ജനങ്ങളുടെ സഹകരണം വേണമെന്നും ആന്റണി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications