കോഫി അന്നന്‍ മധ്യേഷയിലേക്ക്
യുനൈറ്റഡ് നേഷന്‍സ് : യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അടുത്തയാഴ്ച സമാധാനദൗത്യവുമായി മധ്യേഷ്യ സന്ദര്‍ശിക്കും. ഇസ്രയേലിനും പലസ്തീനുമിടയില്‍ ഒരു വെടിനിര്‍ത്തലിന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലുള്ള കോഫി അന്നന്റെ ഈ സന്ദര്‍ശന വാര്‍ത്ത ഏറെ പ്രതീക്ഷ പകരുന്നു.
മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കണ്ട് സമാധാനത്തിനുള്ള സാധ്യത ആരായുമെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീന്‍, ഇസ്രയേല്‍ നേതാക്കളെ സമാധാന സംഭാഷണത്തിലേക്ക് കൊണ്ടുവരുന്നതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നും കോഫി അന്നന്‍ പറഞ്ഞു.
ജൂണ്‍ 12 ചൊവാഴ്ച ഒരു യൂറോപ്യന്‍ രാജ്യത്തുനിന്നാണ് കോഫി അന്നന്‍ ഒരാഴ്ച നീളുന്ന പര്യടനം ആരംഭിക്കുക. അവിടെവച്ച് അദ്ദേഹം സൗദി അറേബ്യയുടെ ഉപ പ്രധാനമന്ത്രി അബ്ദുള്ളയുമായി ചര്‍ച്ച നടത്തും. പിന്നീട് സിറിയ, ലെബനണ്‍, ജോര്‍ദാന്‍, ജെറുസലെം, ഗാസ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും.
സിഐഎ മേധാവി ജോര്‍ജ്ജ് ടെനറ്റ് ജൂണ്‍ ഏഴ് വ്യാഴാഴ്ച ഇസ്രയേല്‍, പലസ്തീന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് മാധ്യസ്ഥ പ്രതിനിധി വില്യം ബേണ്‍സ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഷിമോണ്‍ പെരസുമായി കൂടിക്കാഴ്ച നടത്തി. പലസ്തീന്‍ നേതാക്കളുമായും ഉടന്‍ കൂടിക്കാഴ്ച നടത്തും.
ഈ സമാധാന ദൗത്യങ്ങള്‍ക്കിടെ മധ്യേഷ്യയില്‍ സംഘര്‍ഷം പുകയുകയാണ്. കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി ഡ്രൈവറെ ഒരു പലസ്തീന്‍ കാവല്‍ക്കാരന്‍ വെടിവച്ചുകൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.












Click it and Unblock the Notifications