കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംതൃപ്തിയോടെ ഗില്‍ സ്ഥാനമൊഴിയുന്നു

  • By Super
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പു ജോലികള്‍ മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചെന്ന സംതൃപ്തിയോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എം.എസ്. ഗില്‍ ജൂണ്‍ 13 ബുധനാഴ്ച സ്ഥാനമൊഴിയുന്നു.

അഞ്ചുവര്‍ഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കുക എന്നത് അഭിമാനമുള്ള കാര്യമാണ്. നിഷ്പക്ഷ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് താനും സഹപ്രവര്‍ത്തകരും ശ്രമിച്ചത്, അദ്ദേഹം പറഞ്ഞു.

വരുംദിനങ്ങളില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിഷ്പക്ഷസര്‍ക്കാരുകള്‍ വരുമെന്നാണ് സ്ഥാനമൊഴിയുമ്പോള്‍ ഗില്‍ നടത്തുന്ന പ്രവചനം. നിങ്ങള്‍ ചിലപ്പോള്‍ എന്നെ അനുകൂലിച്ചേക്കില്ല. പക്ഷെ സംഭവിക്കാന്‍ പോകുന്ന കാര്യമാണ് ഞാന്‍ പറയുന്നത്. കാത്തിരുന്ന് കാണുക, ഗില്‍ പറഞ്ഞു.

തന്നോട് മാധ്യമങ്ങള്‍ വളരെ സഹകരണത്തോടെയാണ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. നമ്മള്‍ക്കിരുവര്‍ക്കും നേട്ടമുണ്ടായിരുന്നു. എന്നില്‍ നിന്ന് നിങ്ങള്‍ക്ക് ഒന്നു കിട്ടിയെന്നതില്‍ നിങ്ങള്‍ സന്തോഷിച്ചു. എന്റെ നേട്ടത്തിനായി മാധ്യമങ്ങളെ ഉപയോഗിച്ചുവെന്ന് ഞാനും സന്തോഷിക്കുന്നു.

തന്റെ പിന്‍ഗാമിയാകുന്ന ജെ.എം. ലിങ്ധോ കര്‍ത്തവ്യബോധത്തില്‍ തന്നെ കവച്ചുവയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

പശ്ചിമബംഗാളിലെ തോല്വിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി തന്നെ വിമര്‍ശിച്ചതിനെയും അദ്ദേഹം ചിരിച്ചുതള്ളി. ഞാന്‍ അവരുടെ സുഹൃത്താണ്. പക്ഷെ അവര്‍ക്ക് ഞാന്‍ സുഹൃത്താണോ എന്നറിയില്ല. ഏറെ ചൂടും പുകയും ഉണ്ടാക്കുന്ന അവസരമാണ് തിരഞ്ഞെടുപ്പ്. ആരോപണങ്ങളുണ്ടാകുന്നത് സ്വാഭാവികം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേധാവിയെന്ന നിലയില്‍ ആരോപണം എന്റെ തലയില്‍ വന്നുവെന്ന് മാത്രം.

തിരഞ്ഞെടുപ്പ് കമ്മീഷന് നിയമമുണ്ടാക്കാനാകില്ല. പക്ഷെ നിയമനടത്തിപ്പിന് അവകാശമുണ്ട്. പല കാര്യങ്ങളിലും കോടതിയെ സമീപിച്ച് തങ്ങള്‍ക്കനുകൂലമായ വിധി കമ്മീഷന്‍ നേടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ കമ്മീഷന്‍ ഏറെ ശക്തമാണ്. വരും ദിനങ്ങളില്‍ അതിന്റെ ശക്തി വര്‍ദ്ധിക്കുമെന്ന് കരുതുന്നു - ഗില്‍ പറഞ്ഞു.

ഭാവിയില്‍ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ കൂടുതല്‍ സഹകരണം വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തന്റെ പ്രവര്‍ത്തനത്തിന് സഹകരണം നല്‍കിയ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ആത്യന്തികമായി കമ്മീഷന്‍ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്കും അദ്ദേഹം തന്റെ നന്ദി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X