യുവതിയും മക്കളും മരിച്ച നിലയില്‍
കോഴിക്കോട്: പേരാമ്പ്രയ്ക്കടുത്ത് കൂരാച്ചുണ്ടില്‍ യുവതിയായ അമ്മയെയും രണ്ടു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെപൊലീസ് കസ്റ്റഡിയിലെടുത്തു. കൂരാച്ചുണ്ട് ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം ചപ്പാത്തില്‍ റോബര്‍ട്ടിന്റെ ഭാര്യ സുജ(22), മക്കളായ പൊന്നു എന്ന ഹോസ്മിന്‍(മൂന്ന്), അനു എന്ന ജെസ്ലി(രണ്ട്) എന്നിവരെയാണ് ജൂണ്‍ 13 ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ കിണറ്റില്‍ മരിച്ച നിലയിലും അമ്മയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച രണ്ടു കുട്ടികളുടെയും മൃതദേഹം റോബര്‍ട്ടിന്റെ വീടിനു സമീപം വയലിലെ റിംഗ് ഇറക്കിയ കിണറ്റിലായിരുന്നു. സുജയുടെ മൃതദേഹം റോബര്‍ട്ടിന്റെ വീടിനു സമീപമുള്ള സഹോദരന്‍ രാജുവിന്റെ വീട്ടിലെ അടുക്കള ഭാഗത്ത് സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കാലുകള്‍ നിലത്ത് മുട്ടിയ നിലയിലയിരുന്നു. കഴുത്തില്‍ കെട്ട് മുറുകിയിരുന്നില്ല.
റോബര്‍ട്ടിന്റെ സഹോദരന്‍ രാജുവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ റോബര്‍ട്ടിനെ തടഞ്ഞുവച്ച് മര്‍ദ്ദിക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജൂണ്‍ 12 ചൊവാഴ്ച രാത്രിയില്‍ റോബര്‍ട്ടിന്റെ വീട്ടില്‍ കുടുംബകലഹം നടന്നിരുന്നതായും തൊട്ടടുത്ത വീട്ടില്‍ വച്ച് നാട്ടുകാരുടെ മദ്ധ്യസ്ഥയിലാണ് പ്രശ്നം ഒത്തുതീര്‍ന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
കല്ലാനോട് ലക്ഷംവീട് സ്വദേശിയാണ് സുജ. റോബര്‍ട്ടും സുജയും തമ്മില്‍ പ്രണയവിവാഹമായിരുന്നു.












Click it and Unblock the Notifications