ദേവയാനി ഹാജരാകാന്‍ വിസമ്മതിച്ചു
കാഠ്മണ്ഠു: നേപ്പാള്‍ രാജകുടംബത്തിന്റെ കൂട്ടക്കൊലയെക്കുറിച്ചന്വേഷിയ്ക്കുന്ന ഉന്നതതല സമിതിയ്ക്കു മുമ്പാകെ ഹാജരാകാന്‍ കൊലയാളിയെന്ന് ആരോപിക്കപ്പെടുന്ന ദീപേന്ദ്ര രാജകുമാരന്റെ പ്രണയിനി ദേവയാനി റാണ വിസമ്മതിച്ചതായി നേപ്പാളിലെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാപരമായ കാരണങ്ങളാല്‍ തനിയ്ക്ക് നേപ്പാളിലെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ദേവയാനി അന്വേഷണസംഘത്തെ അറിയിച്ചതായാണ് അന്വേഷണ സമിതിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സ്പേസ്ടൈം ദൈനിക് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
ഇന്ത്യയിലെ നേപ്പാള്‍ എംബസി വഴിയാണ് അന്വേഷണ സമിതി ദേവയാനിയുമായി ബന്ധപ്പെട്ടത്. നേരിട്ടു ഹാജരാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ദീപേന്ദ്ര രാജകുമാരനുമായി തനിയ്ക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമായി എഴുതി നല്‍കാന്‍ അന്വേഷണ സമിതി ദേവയാനിയോടാവശ്യപ്പെട്ടിട്ടുണ്ട്.
രാജകുടംബത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്കു കടന്ന ദേവയാനി, ഇന്ത്യയില്‍ നിന്നും മോസ്കോയിലേയ്ക്കും തുടര്‍ന്ന് ലണ്ടനിലേയ്ക്കും പോയതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അവര്‍ ലണ്ടനിലാണത്രേ.
ദേവയാനിയുമായുള്ള വിവാഹത്തിന് ബീരേന്ദ്ര രാജാവും രാജ്ഞിയും എതിരു നിന്നതാണ് തന്റെ കുടുംബത്തെയാകെ ഉന്മൂലനം ചെയ്ത്, സ്വയം മരിയ്ക്കാന്‍ ദീപേന്ദ്ര രാജകുമാരനെ പ്രേരിപ്പിച്ചതെന്നാണ് പൊതുവേ കരുതപ്പെടുന്നത്.കൊലപാതകത്തിന് നിമിഷങ്ങള്‍ മുമ്പ് ദീപേന്ദ്ര രാജകുമാരന്‍ ദേവയാനിയോടു സംസാരിച്ചതായും ചില പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദീപേന്ദ്ര രാജകുമാരന്‍, ദേവയാനിയെ രഹസ്യമായി വിവാഹം ചെയ്തിരുന്നതായി ന്യൂസ് വീക്ക് മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേപ്പാളിലെ പ്രതിപക്ഷമായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റംഗവുമായ പശുപതി ശംഷേര്‍ റാണയുടെ മകളാണ് ദേവയാനി.












Click it and Unblock the Notifications