ആറ് ഹുറിയത്ത് നേതാക്കള്‍ വീട്ടുതടങ്കലില്‍
ശ്രീനഗര്‍: അബ്ദുള്‍ ഗാനി ഭട്ട് അടക്കമുള്ള ആറ് ഹുറിയത്ത് നേതാക്കളെ കശ്മീര്‍ പൊലീസ് വീട്ടുതടങ്കലിലാക്കി. വേറെ മൂന്നു പേരെ പൊലീസ് തടഞ്ഞുവച്ചിട്ടുമുണ്ട്. ഇതില്‍ പ്രതിഷേധിച്ച ് ജാമിയ മസ്ജിദ് പ്രദേശത്ത് പ്രകടനം നടത്തിയ യുവാക്കള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
എന്നാല്‍ യുവാക്കള്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തടര്‍ന്ന് മുന്നറിയിപ്പെന്ന നിലയ്ക്ക് പൊലീസ് വെടിവച്ചെങ്കിലും ആളപായമൊന്നുമുണ്ടായില്ല. സൊപോറും ബദ്ഗമിലും വന്‍ പ്രകടനങ്ങള്‍ നടന്നു. പ്രകടനങ്ങള്‍ക്ക് ഹുറിയത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെയ്ഖ് അബ്ദുല്‍ അസീസും സയ്ദ് ആഗ ഹസ്സന്‍ അല്‍സാഫ്വി അല്‍മൂസ്വിയും നേതൃത്വം നല്കി.
ഛരാരെ-എ- ഷെറീഫ് പള്ളിയില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് എല്ലാ പള്ളികളുടെയും മുന്നില്‍ പ്രകടനം നടത്താന്‍ ഹുറിയത്ത് ആഹ്വാനം ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയില്‍ പൊലീസ് ഹുറിയത്ത് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് പ്രൊഫ. അബ്ദുള്‍ ഘാനി ഭട്ടിനെയും ജമാഅത്തെ ഇസ്ലാമി നേതാവ് അലി ഷാ ഗീലാനിയെയും ജൂണ്‍ 15 വെളളിയാഴ്ചയാണ് വീട്ടുതടങ്കലിലാക്കിയത്. ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ മറ്റ് നേതാക്കളായ ഖാസി അബ്ദുള്ള, ഗുലാം നബി സംജി, ഷേഖ് അസീസ്, ഷബീര്‍ അഹമദ് ഭട്ട് എന്നിവരാണ് വീട്ടുതടങ്കലിലായ മറ്റ് നേതാക്കള്‍. ജമാ അത്തെ ഇസ്ലാമി നേതാവ് ഗീലാനിയെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ പോലും അനുവദിച്ചില്ലത്രെ.
അതേസമയം ഹുറിയത്ത് ചെയര്‍മാന്‍ മിര്‍വെയ്സ് ഉമര്‍ ഫാറൂഖും അബ്ദുള്‍ ഗാനി ലോണും പൊലീസ് നിരീക്ഷണത്തിലാണ്. കശ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവരെ വെള്ളിയാഴ്ച രാവിലെ തടങ്കലിലാക്കിയത്.
ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് വൈസ് പ്രസിഡന്റ് ജാവേദ് അഹ്മ്മദ് മിറിനെയും വെള്ളിയാഴ്ച അറസ്റ് ചെയ്തിരുന്നു. കശ്മീര്‍ താഴ്വരകളില്‍ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications