ഗുരുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ വിവാദമാകുന്നു
കോഴിക്കോട്: ഉമേഷ് ചള്ളിയില്‍ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തത് വിവാദമാകുന്നു. ഭരണഘടനാ വിരുദ്ധമായതിനാല്‍ അത് റദ്ദ് ചെയ്ത് എംഎല്‍എയെക്കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ വക്കം പുരുഷോത്തമന് പരാതി അയച്ചതിനെത്തുടര്‍ന്നാണ് പുതിയ വിവാദം ഉടലെടുത്തത്. കൊടുങ്ങല്ലൂരില്‍ നിന്ന് ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായാണ് ഉമേഷ് ചള്ളിയില്‍ ജയിച്ചത്.
കോഴിക്കോട്ടെ മണ്ണൂര്‍ സ്വദേശി ഹരിദാസന്‍ പാലയില്‍ ആണ് സ്പീക്കര്‍ക്ക് പരാതി അയച്ചത്. എംഎല്‍എ ശ്രീനാരായണഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞയെടുത്തത് ഭരണഘടനയുടെ മൂന്നാം പട്ടികയിലെ ആര്‍ട്ടിക്കിള്‍ 188ന്റെ ലംഘനമാണ്. അതിനാല്‍ എംഎല്‍എ എന്ന നിലയിലുള്ള ചുമതലകള്‍ ഇദ്ദേഹത്തിന് നിര്‍വഹിക്കാനാകില്ലെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ അഞ്ച് ചൊവാഴ്ചയാണ് ഉമേഷ് ചള്ളിയില്‍ മറ്റ് 137 എംഎല്‍എമാരോടൊപ്പം പ്രോട്ടേം സ്പീക്കര്‍ കെ. നാരായണക്കുറുപ്പ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് 136 പേരില്‍ ചിലര്‍ ദൈവനാമത്തിലും മറ്റുള്ളവര്‍ ദൃഢപ്രതിജ്ഞയുമാണ് എടുത്തത്.
ഭരണഘടനയുടെ പവിത്രത നിലനിര്‍ത്താനാണ് താന്‍ ഈ പരാതി അയച്ചിട്ടുള്ളതെന്ന് ഹരിദാസന്‍ പറയുന്നു. ശ്രീനാരായണഗുരുവിനെ ആക്ഷേപിക്കലോ അദ്ദേഹത്തോടുള്ള അനാദരവോ എംഎല്‍എയ്ക്ക് ഗുരുവിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യലോ അല്ല പരാതിയുടെ ഉദ്ദേശ്യമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുന്നു.
ഗവര്‍ണര്‍, മുഖ്യമന്ത്രി, പാര്‍ലമെന്ററികാര്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications