Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപേന്ദ്രയെ വെടി വയ്ക്കാന്‍ ബീരേന്ദ്ര ശ്രമിച്ചിരുന്നു

കാഠ്മണ്ഡു: അക്രമാസക്തനായി തന്നെ വെടിവച്ചു വീഴ്ത്തിയ ദീപേന്ദ്ര രാജകുമാരനെ തിരിച്ചു വെടിവയ്ക്കാന്‍ നേപ്പാളിലെ കൊല്ലപ്പെട്ട രാജാവ് ബീരേന്ദ്ര ശ്രമിച്ചിരുന്നതായി രാജകൊട്ടാരത്തിലെ കൂട്ടക്കൊലയെക്കുറിച്ചന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലപ്പെട്ട രാജാവിന്റെ സഹോദരി ശോഭാ സാഹിയെ ഉദ്ധരിച്ചാണ് അന്വേഷണക്കമ്മീഷന്‍ രാജാവ് തിരിച്ചുവെടിവയ്ക്കാന്‍ ശ്രമിച്ചിരുന്നതായി പറയുന്നത്.

രാജാവിനെ വെടിവച്ച ശേഷം ദീപേന്ദ്ര രാജകുമാരന്‍ തോക്കു താഴെയിട്ടുവെന്നും, ഈ തോക്കെടുത്ത്, അടുത്ത റൗണ്ട് വെടിവയ്പിനായി പുറത്തേയ്ക്കു പോയ രാജകുമാരനെ രാജാവ് ഉന്നം വച്ചുവെന്നുമാണ് ശോഭാ സാഹിയുടെ മൊഴിയില്‍ പറയുന്നത്. എന്നാല്‍, ശോഭാ സാഹി ബീരേന്ദ്ര രാജാവിന്റെ കൈയ്യില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങി ഈ ശ്രമത്തെ പരാജയപ്പെടുത്തിയത്രേ. ദീപേന്ദ്രയുടെ കൈയ്യില്‍ ഈ ഒരു തോക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കണക്കുകൂട്ടിയാണ് താന്‍ രാജാവിന്റെ കൈയ്യില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങിയതെന്ന് ശോഭാ സാഹി മൊഴി നല്‍കി.

അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു കൊണ്ട് നേപ്പാളിലെ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളിലാണ് ഈ വിവരങ്ങള്‍.

ദേവയാനി റാണയെ വിവാഹം കഴിയ്ക്കുന്നതില്‍ നിന്നും രാജകുടുംബാംഗങ്ങള്‍ ദീപേന്ദ്രയെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചതാണ് കൂട്ടക്കൊല നടത്താന്‍ ദീപേന്ദ്രയെ പ്രേരിപ്പിച്ചതെന്ന കണ്ടെത്തലാണ് അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍. ഇത് സാധൂകരിക്കത്ത രീതിയില്‍ സാക്ഷിമൊഴികളും ജൂണ്‍ 14 വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്.

കൂട്ടക്കൊല നടത്തുന്നതിന് അര മണിയ്ക്കൂര്‍ മുമ്പ് ദീപേന്ദ്ര തന്നോട് വിശദമായി സംസാരിച്ചിരുന്നുവെന്ന് ഇപ്പോഴത്തെ രാജാവ് ജ്ഞാനേന്ദ്രയുടെ പുത്രന്‍ പരസ് അന്വഷണക്കമ്മീഷന് മൊഴി നല്‍കി. രാജകുടുംബാംഗങ്ങള്‍ ദേവയാനിയുമായുള്ള തന്റെ വിവാഹാലോചന തള്ളിക്കളഞ്ഞതില്‍ നിരാശ പൂണ്ടാണ് രാജകുമാരന്‍ തന്നോട് സംസാരിച്ചിരുന്നതെന്നും പരസ് പറഞ്ഞു. ഇക്കാര്യം സംസാരിയ്ക്കുമ്പോള്‍ ദീപേന്ദ്ര മദ്യപിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, തികഞ്ഞ നിയന്ത്രണത്തിലായിരുന്നു-പരസ് വ്യക്തമാക്കി. ഞായറാഴ്ച (ജൂണ്‍ മൂന്ന്) ഇക്കാര്യം എല്ലാവരുമായും ഒരിയ്ക്കല്‍ കൂടെ സംസാരിയ്ക്കുമെന്നും ദീപേന്ദ്ര പറഞ്ഞിരുന്നുവത്രേ.

രാജകുടുംബം ദീപേന്ദ്രയ്ക്കായി കണ്ടു വച്ചിരുന്ന സുപ്രിയ ഷാ എന്ന പെണ്‍കുട്ടിയുടെ മൊഴിയിലും ദീപേന്ദ്ര ദേവയാനിയെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ചിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. താനും ദീപേന്ദ്രയുമായി തികഞ്ഞ സൗഹൃദത്തിലായിരുന്നുവെന്നും ഫോണ്‍ ചെയ്ത് സംസാരിയ്ക്കാറുണ്ടായിരുന്നുവെന്നും സുപ്രിയ ഷാ വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല നടന്ന ദിവസം രാത്രി 11.09 നും ദീപേന്ദ്രയുമായി താന്‍ ഫോണില്‍ സാധാരണ പോലെ സംസാരിച്ചിരുന്നുവെന്നും സുപ്രിയയുടെ മൊഴിയിലുണ്ട്. എന്നാല്‍, അന്ന് തന്നെ തിരികെ വിളിയ്ക്കാമെന്ന് പറഞ്ഞ് ഫോണ്‍ താഴെ വച്ച ദീപേന്ദ്ര പിന്നീട് വിളിച്ചില്ലത്രെ.

രാജകുടംബത്തെയൊന്നാകെ വകവരുത്തി, സ്വയം മരിയ്ക്കുകയായിരുന്നു ദീപേന്ദ്രയെന്നും ദേവയാനി റാണയുമായുള്ള വിവാഹത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തതാണ് ഇതിന് പ്രകോപനമായതെന്നുമാണ് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണക്കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍, അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ട് നേപ്പാളി ജനത മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും നേപ്പാളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+