കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ നിയമസഭാമന്ദിരം കത്തിച്ചു

  • By Staff
Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ അക്രമാസക്തരായ ജനക്കൂട്ടം നിയമസഭാമന്ദിരത്തിന് തീകൊളുത്തി. നാഗാലാന്റ് സോഷ്യലിസ്റ് കൗണ്‍സിലുമായുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള കേന്ദ്രതീരുമാനത്തില്‍ പ്രതിഷേധിച്ച് നടന്നുവരുന്ന ബന്ദിനോടനുബന്ധിച്ചാണ് ജൂണ്‍ 18 തിങ്കളാഴ്ച ജനക്കൂട്ടം അക്രമങ്ങളിലേക്ക് തിരിഞ്ഞത്.

ബന്ദില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പൂരില്‍ അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് .

രാജ്ഭവന്‍ വളഞ്ഞു
ആയിരക്കണക്കിന് പ്രകടനക്കാരാണ് തിങ്കളാഴ്ച നിയമസഭാമന്ദിരത്തിലേക്ക് തള്ളിക്കയറിയത്. അക്രമാസക്തരായ ജനക്കൂട്ടം കനത്ത സുരക്ഷാ കാവലിനെ ഭേദിക്കുകയായിരുന്നു. നിയമസഭാമന്ദിരത്തില്‍ അവര്‍ തീകൊളുത്തി. നിരോധനാജ്ഞയെ വെല്ലുവിളിച്ച ആയിരക്കണക്കിനു വരുന്ന പ്രകടനക്കാര്‍ പിന്നീട് രാജ്ഭവന്‍ വളഞ്ഞു.

തുടര്‍ന്ന് പ്രകടനക്കാരെ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസ് സേനയെയും അര്‍ധസൈനികരെയും രാജ്ഭവന്‍ കവാടത്തില്‍ നിയോഗിക്കുകയായിരുന്നു. രാജ്ഭവന്‍ കവാടത്തില്‍ തിങ്ങിക്കൂടിയ ജനങ്ങള്‍ പ്രധാനമന്ത്രി വാജ്പേയിയുടെയും ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുടെയും കോലങ്ങള്‍ കത്തിച്ചു.

നേരത്തെ വെടിനിര്‍ത്തല്‍ നീട്ടിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ നിയമസഭാമന്ദിരത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കും തീകൊളുത്തി.നഗരത്തിലെ എംഎല്‍എമാരുടെ വീടുകള്‍ക്കും തീകൊളുത്തി. പിടിഐ ഓഫീസിനടുത്തുള്ള വീടു കത്തിച്ചതിനാല്‍ തീ പിടിഐ ഓഫീസിലേക്കും പടര്‍ന്നു. 83 സാമൂഹ്യസംഘടനകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച 66 മണിക്കൂര്‍ നീണ്ട ബന്ദിനോടനുബന്ധിച്ചാണ് അക്രമങ്ങള്‍ അരങ്ങേറിയത്. അക്രമം അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സ്പീക്കര്‍ക്ക് പരിക്കേറ്റു
മണിപ്പൂര്‍ അസംബ്ലി സ്പീക്കര്‍ സപം ധനഞ്ജയ് സിംഹിന് പൊള്ളലേറ്റു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയ്ക്ക് അക്രമാസക്തരായ ജനക്കൂട്ടം തീകൊളുത്തിയതിനെ തുടര്‍ന്നാണ് സ്പീക്കര്‍ക്ക് പരിക്കേറ്റത്. ബാബുപര കോംപ്ലക്സില്‍ തീകൊളുത്തിയ വിവിഐപി വീടുകളില്‍ മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി ചന്ദ്രമണി സിംഹിന്റെയും മുന്‍ വനംമന്ത്രി ഗംഗുമെ കാമെയുടെയും വീടുകള്‍ ഉള്‍പെടുന്നു.

നേരത്തെ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തിലും ലാത്തിച്ചാര്‍ജ്ജിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ താഴ്വരയില്‍ ഒട്ടേറെ ഇടങ്ങളില്‍ പൊലീസിന് വെടിവയ്ക്കേണ്ടിയും വന്നു. പ്രകടനക്കാര്‍ ബിജെപി, കോണ്‍ഗ്രസ്, സമതാ പാര്‍ട്ടി, സിപിഐ ഓഫീസുകള്‍ കത്തിച്ചു. ഭരണഘടനയുടെ കോപ്പികളും കത്തിച്ചു.

ഓള്‍ മണിപ്പൂര്‍ യുണൈറ്റഡ് ക്ലബ്സ് ഓര്‍ഗനൈസേഷന്‍ ഉള്‍ പ്പടെ 83 സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ 66 മണിക്കൂര്‍ ബന്ദ് നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X