യുഡിഎഫ് മദ്യനയം മാറ്റില്ല- ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന മദ്യനയത്തില്‍ നിന്നും ഒരു മാറ്റവും വരുത്തിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
കള്ള്ഷാപ്പുകള്‍ പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്ക്കുമെന്നും ജൂണ്‍ 18 തിങ്കളാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ പങ്കെടുക്കവേ ഉമ്മന്‍ചാണ്ടി പറഞ്ഞു.
കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിടാനുള്ള നീക്കത്തെ വി.എം. സുധീരനെപ്പോലെയുള്ള കോണ്‍ഗ്രസുകാരും മതമേലധ്യക്ഷന്മാരും എതിര്‍ക്കുന്നുണ്ടെങ്കിലും പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനമാണ് വലുതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കള്ള് ഷാപ്പുകള്‍ ലേലത്തിന് നല്കുന്നത് മദ്യരാജാക്കന്മാരെ സഹായിക്കാനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇപ്പോള്‍ത്തന്നെ പല കള്ള്ഷാപ്പുകളും അബ്കാരികളുടെ കൈയിലാണ്. സഹകരണസംഘങ്ങള്‍ പേരിന് മാത്രമാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുക എന്ന യുഡിഎഫ് നയത്തില്‍ നിന്നും മാറില്ല. കള്ള്ഷാപ്പുകള്‍ പുതിയ രീതിയില്‍ ലേലം ചെയ്യുന്നതിനെപ്പറ്റി സുധീരന് ആശയങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കടുത്ത നടപടികള്‍ തന്നെ വേണ്ടി വരും. നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ നഷ്ടം സഹിക്കേണ്ടത് സംസ്ഥാനത്തെ ജനങ്ങള്‍ തന്നെയാണ്. ധവളപത്രം പുറത്തിറക്കുന്നത് എല്‍ഡിഎഫിനെ രാഷ്ട്രീയത്തില്‍ ആക്രമിക്കാനല്ല, സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
30 ദിവസം കൊണ്ട് ഒരു സര്‍ക്കാരിനെ വിലയിരുത്താനാവില്ലെന്നും എങ്കിലും വിദ്യാഭ്യാസമേഖലയിലും അബ്കാരി മേഖലയിലും സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. കൊപ്രസംഭരണത്തിന് നടപടികള്‍ എടുത്തു. കേന്ദ്രസര്‍ക്കാരിനെ റബര്‍ ഇറക്കുമതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications