വറുതിക്കണക്കുമായി ആന്റണി
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കാനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരെ അഭിമുഖീകരിച്ച മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് പറയാനുണ്ടായിരുന്നത് വറുതിയുടെ കണക്കുകള്‍ മാത്രമായിരുന്നു.
വൈദ്യുതിബോര്‍ഡിന്റെ പ്രതിമാസ നഷ്ടം 160 കോടി രൂപയാണ്. ബോര്‍ഡിന്റെ പലിശയിനത്തില്‍ പ്രതിമാസം 65.27 കോടി രൂപയാണ് നല്‍കേണ്ടിവരുന്നത്. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ പ്രതിമാസ നഷ്ടം 15 കോടി രൂപയാണെന്ന് ആന്‍റണി പറഞ്ഞു.
ഈ നിലയ്ക്ക് പോയാല്‍ വൈദ്യുതി ബോര്‍ഡ് സ്തംഭിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ ഓടില്ല. പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനം നിര്‍ത്തും. ഉച്ചക്കഞ്ഞി നിലയ്ക്കും. ആശുപത്രികള്‍ പൂട്ടേണ്ടിവരും. ജീവന്‍രക്ഷാമരുന്നുകള്‍ പോലും വാങ്ങാന്‍ കഴിയാതെ പാപ്പരായിരിക്കുകയാണ് സര്‍ക്കാരെന്ന് ആന്റണി പറഞ്ഞു.
കഴിഞ്ഞ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് പലിശയ്ക്ക് കടമെടുത്തിട്ടാണ്. വൈദ്യുതി, യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാതെ വൈദ്യുതിബോര്‍ഡിനെയും കെഎസ്ആര്‍ടിസിയെയും മുന്നോട്ടുകൊണ്ടുപോകാമെന്ന് വിവേകമുള്ളവര്‍ ആരും പറയില്ലെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications