മുഷാറഫ് അധികാരമേറ്റു
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡന്റായി പര്‍വേസ് മുഷാറഫ് അധികാരമേറ്റു. ജൂണ്‍ 20 ബുധനാഴ്ച വൈകുന്നേരം ----പ്രസിഡന്റിന്റെ ഔദ്യോഗികവസതിയിലെ ദര്‍ബാര്‍ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്. ചടങ്ങില്‍ സുപ്രിം കോടതി ചീഫ് ജസ്റിസ് ഇര്‍ഷാദ് ഹസ്സന്‍ ഖാന്‍ മുഷാറഫിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
പട്ടാള മേധാവി സ്ഥാനം മുഷാറഫ് തുടരും. പ്രസിഡന്റായിരുന്ന മുഹമ്മദ് റഫീക് തരാര്‍ ബുധനാഴ്ച രാവിലെ രാജിവെച്ചൊഴിഞ്ഞിരുന്നു.
ധനകാര്യമന്ത്രി ഷൗക്കത്ത് അസീസ് പ്രധാനമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധികാരമേല്ക്കുന്നതിന് മുന്നോടിയായി ദേശീയ-പ്രാദേശിക അസംബ്ലികള്‍ മുഷാറഫ് പിരിച്ചുവിട്ടു.
പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി മുഷാറഫുമായി ചര്‍ച്ച നടത്തി. ജൂലായ് 14ന് ഇന്ത്യയിലെത്തുന്ന മുഷാറഫ് വാജ്പേയിയുമായി കശ്മീര്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ തന്റെ വാദങ്ങള്‍ ശക്തമായി മുന്നോട്ടുവെക്കാന്‍ പുതിയ സ്ഥാനലബ്ധി സഹായിക്കുമെന്ന ധാരണയോടെയാണ് മുഷാറഫിന്റെ നീക്കമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications