വൈദ്യുതി നിരക്ക് കൂട്ടിയാല്‍ വ്യവസായങ്ങള്‍ പൂട്ടും: നായനാര്‍
തിരുവനന്തപുരം: 60 ശതമാനം വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്തെ എല്ലാ വ്യവസാങ്ങളും അടച്ചുപൂട്ടുമെന്നും നായനാര്‍ പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. ഇവിടെയുള്ള വ്യവസായങ്ങളെ കണക്കിലെടുത്താണ് തന്റെ സര്‍ക്കാര്‍ അത് ചെയ്യാത്തതെന്ന് നായനാര്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ നിരക്ക് കൂട്ടിയിരുന്നു. പക്ഷേ എന്നിട്ടും അത് മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ കുറവായിരുന്നു.- അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ നിന്നും അര്‍ഹതയുള്ള വിഹിതം ചോദിച്ചുവാങ്ങിയാല്‍ സാമ്പത്തികപ്രതിസന്ധി മറികടക്കാമെന്നും നായനാര്‍ പറഞ്ഞു. 730 കോടി രൂപയാണ് കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് കിട്ടാനുള്ളത്. ഇതിനെപ്പറ്റി ധവളപത്രത്തില്‍ മിണ്ടാട്ടമില്ലെന്നും നായനാര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ 22 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു നായനാര്‍.
1994 മുതല്‍ നാല് കൊല്ലം കേന്ദ്രനികുതി വിഹിതം 1594 കോടി രൂപ കുറച്ചാണ് കേരളത്തിന് നല്കിയത്. കേരളത്തില്‍ നിന്നും പിരിക്കുന്ന നികുതിയുടെ 50 ശതമാനം സംസ്ഥാനത്തിന് നല്കണമെന്ന് താനടക്കമുള്ള മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് ആന്റണി ചോദിച്ച് വാങ്ങണമെന്നും നായനാര്‍ ആവശ്യപ്പെട്ടു.
ഉദാരവല്ക്കരണത്തിന് പിന്തുണ നല്കാമെന്ന് ഈയിടെ നടന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ധാരണയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ആന്റണിയുടെ ധവളപത്രമെന്ന് നായനാര്‍ കുറ്റപ്പെടുത്തി.
പദ്ധതിയേതര ചെലവുകള്‍ ഉണ്ടായി എന്ന മുന്‍ ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഐ.എസ്. ഗുലാത്തി പറയുന്നത് ശരിയാണ്. പക്ഷേ അത് വികസന പരിപാടികള്‍ക്കാണ്. വികസനത്തിനായി കടം വാങ്ങിയതും ചെലവാക്കിയിട്ടുണ്ട്. 230 പാലങ്ങളാണ് അധികം കെട്ടിയത്. 9,000 തൊഴില്‍ രഹതിര്‍ക്ക് പൊലീസില്‍ ജോലി നല്കി.
സ്വാതന്ത്യ്രസമരസേനാനികളുടെ പെന്‍ഷന്‍ 3,000 രൂപയാക്കി. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 120 രൂപയാക്കി. ഇതൊന്നും ആസൂത്രണബോര്‍ഡ് പറഞ്ഞിട്ടല്ല ചെയ്തത്. ഇതൊന്നും ചെയ്യേണ്ടിയിരുന്നില്ല എന്നാണോ പറയുന്നതെന്ന് നായനാര്‍ ചോദിച്ചു.












Click it and Unblock the Notifications