പി.സി. തോമസ് പുതിയ സംഘടനയുണ്ടാക്കി
ദില്ലി: കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയില്‍ നിന്നും അകലുന്ന പി.സി. തോമസ് എംപി ദില്ലിയില്‍ പുതിയൊരു കര്‍ഷകസംഘടന രൂപീകരിച്ചു. ദേശീയ കര്‍ഷകമുന്നണി(നാഷണല്‍ ഫാര്‍മേഴ്സ് ഫ്രണ്ട്) എന്നാണ് സംഘടനയുടെ പേര്. കെ.എം. മാണിയ്ക്കുള്ള മുന്നറിയിപ്പാണ് ഈ സംഘടനയെന്ന് കരുതുന്നു.
മാണി തന്നെ തേജോവധം ചെയ്യാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്ന് തോമസ് ജൂണ്‍ 22 വെള്ളിയാഴ്ച ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ദേശീയ കര്‍ഷകമുന്നണി ഒരു സ്വതന്ത്രസംഘടനയാണ്. ഇതിന് കേരളാ കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി ഇനിയും തന്നെ ദ്രോഹിച്ചാല്‍ നോക്കിനില്ക്കില്ലെന്നും ഗത്യന്തരമില്ലാതെ വന്നാല്‍ മറ്റുവഴികള്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം താന്‍ മുന്നണിവിടുന്ന പ്രശ്നമില്ലെന്ന് തോമസ് വ്യക്തമാക്കി. പുതിയ സംഘടനയ്ക്ക് എല്ലാ സംസ്ഥാനങ്ങളിലും ശാഖകളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി എംപിമാരും എംഎല്‍എമാരും സംഘടനയില്‍ ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷെ മാണി ഗ്രൂപ്പിലെ കേരളത്തിലെ എംഎല്‍എമാര്‍ക്ക് തോമസിന്റെ കര്‍ഷക മുന്നണിയുടെ രൂപീകരണവുമായി ബന്ധമില്ലെന്ന് നിയമസഭാകക്ഷി നേതാവ് തോമസ് ചാഴിക്കാടന്‍ എംഎല്‍എ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം മാണിയുടെ കേരളാ കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. മാണിയുടെ മകന്‍ ജോസ്.കെ. മാണിയെ പാര്‍ട്ടിയില്‍ അധികാരസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തര്‍ക്കം ശക്തമായിരിക്കുന്നത്. പി.സി. തോമസിന്റെയും സ്കറിയാതോമസിന്റെയും നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് മാണിക്കെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം അച്ചടക്കത്തിന്റെ പേരില്‍ മാണി സ്കറിയാ തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അച്ചടക്കലംഘനം നടത്തുന്നവരുടെ ഭാവി ഇതായിരിക്കുമെന്ന് ഈ സസ്പെന്‍ഷന്‍ നടപടിയിലൂടെ മാണി താക്കീതു നല്കുകയായിരുന്നു.












Click it and Unblock the Notifications