തീവണ്ടിയപകടം : മരണം 69 ആയി
കോഴിക്കോട്: മംഗലാപുരം-ചെന്നൈ എക്സ്പ്രസ് തീവണ്ടി കോഴിക്കോടിനടുത്ത് കടലുണ്ടി പുഴയില്‍ വീണ് മരിച്ചവരുടെ എണ്ണം 69 ആയി. പരിക്കേറ്റ 222 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജടക്കം വിവിധ കോളേജുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരിച്ചവരില്‍ 46 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 40 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വീട്ടിലേക്കു കൊണ്ടുപോയി. മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. 15 പേരുടെ നില ഗുരുതരമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മരിച്ചവരില്‍ ഏറെയും.
നേവി, സംസ്ഥാനസര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് സംഘം, ഖലാസിമാര്‍, രാഷ്ട്രീയ സ്വയംസേവകസംഘം , നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ചയും ഇവിടെ കനത്ത മഴപെയ്യുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം തടസ്സമില്ലാതെ തുടരുകയാണ്.
ജൂണ്‍ 22 വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് തീവണ്ടി കടലുണ്ടി ചെറിയപാലം കടക്കുമ്പോഴാണ് പുഴയിലേക്ക് മറിഞ്ഞത്. പാലം തകര്‍ന്നായിരുന്നു അപകടം. തീവണ്ടിയുടെ മൂന്നുകോച്ചുകള്‍ പുഴയില്‍ മുങ്ങി. വേലിയിറക്കസമയമായതിനാല്‍ വലിയൊരു അപകടം ഒഴിവായി.
കേന്ദ്ര റയില്‍വേ മന്ത്രി നിതീഷ് കുമാര്‍, സഹ മന്ത്രി ഒ. രാജഗോപാല്‍, മുഖ്യമന്ത്രി എ.കെ. ആന്റണി എന്നിവര്‍ ശനിയാഴ്ച രാവിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ചു.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മന്ത്രിമാരായ പി. ശങ്കരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. സുധാകരന്‍ എന്നിവര്‍ സംഭവസ്ഥലത്ത് ക്യാംപ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.












Click it and Unblock the Notifications