പരിക്കേറ്റവര്‍ക്ക് മരുന്നില്ല, രണ്ടു പേര്‍ക്ക് സസ്പെന്‍ഷന്‍
കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ആവശ്യത്തിന് മരുന്ന് ലഭിച്ചില്ല. ജീവനക്കാരുടെ കൃത്യവിലോപം മൂലമാണ് ജീവനു വേണ്ടി പോരാടുന്നവര്‍ക്ക് കൃത്യസമയത്ത് മരുന്ന് ലഭിയ്ക്കാതിരുന്നതെന്ന് അധികൃതര്‍ കണ്ടെത്തി.
കൃത്യവിലോപം കാണിച്ച രണ്ട് ജീവനക്കാരെ ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളേജ് സ്റ്റോര്‍ സൂപ്രണ്ട് തങ്കമണി, ഹൗസ് കീപ്പര്‍ അഗസ്റ്റിന്‍ ജോസഫ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പരിക്കേറ്റവര്‍ക്ക് ജൂണ്‍ 23 ശനിയാഴ്ചയും 24 ഞായറാഴ്ചയും മെഡിക്കല്‍ കോളേജില്‍ നിന്നും മരുന്ന് ലഭിച്ചില്ല. സംഭവമറിഞ്ഞ ആരോഗ്യമന്ത്രി പി ശങ്കരനും പൊതുമരാമത്ത് വകുപ്പ് മന്ത്രി എം കെ മുനീറും നേരിട്ട് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് അവര്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കാര്യമന്വേഷിക്കുകയായിരുന്നു.
ആശുപത്രി സൂപ്രണ്ടിന്റെ അന്വേഷണത്തില്‍ ജൂണ്‍ 23 ശനിയാഴ്ച വൈകുന്നേരം മെഡിക്കല്‍ സ്റ്റോര്‍ പൂട്ടി ജീവനക്കാര്‍ പുറത്തുപോയതായി മനസിലായി. തുറക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഞായറാഴ്ചയും അവിടെ എത്തിയില്ല. ഇതേ തുടര്‍ന്നായിരുന്നു രണ്ട് ജീവനക്കാരരെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള നടപടിയുണ്ടായത്.
മെഡിക്കല്‍ കോളേജില്‍ ഇനിയും ഇത്തരം സാഹചര്യമുണ്ടായാല്‍ അത് തരണം ചെയ്യുന്നചിന് ആരോഗ്യമന്ത്രി മുന്‍കൈയ്യെടുത്ത് ഒരു ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയ്ക്ക് രൂപം നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്മെന്റ് സമിതിയില്‍ ആശുപത്രി സൂപ്രണ്ട്, ഓര്‍ത്തോ, സര്‍ജറി, മെഡിസിന്‍ വിഭാഗങ്ങളിലെ പ്രഫസര്‍മാരും നേഴ്സിംഗ് സൂപ്രണ്ട്, സ്റ്റോര്‍ സൂപ്രണ്ട് എന്നിവരും അംഗങ്ങളാണ്.












Click it and Unblock the Notifications