എം ടി എന്‍ എല്‍ സെല്ലുലാര്‍ നിരക്കുകള്‍ കുറച്ചു
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എം ടി എന്‍ എല്‍) സെല്ലുലാര്‍ സര്‍വീസ് നിരക്കുകള്‍ വെട്ടിക്കുറച്ചു. സെല്ലുലാര്‍ സര്‍വീസിന്റെ വാടക നിരക്ക് പ്രതിമാസം 400 രൂപ എന്ന നിലയില്‍ നിന്നും 250 രൂപയായും പുറത്തേയ്ക്കുള്ള സെല്‍ഫോണ്‍ വിളികളുടെ നിരക്ക് മിനിറ്റിന് 2.70 രൂപയില്‍ നിന്നും രണ്ടു രൂപയായുമാണ് കുറച്ചിരിയ്ക്കുന്നത്.
കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി രാം വിലാസ് പാസ്വാന് ദില്ലിയിലും മുംബൈയിലും പ്രവര്‍ത്തിയ്ക്കുന്ന എം ടി എന്‍ എല്ലിന്റെ ഡോള്‍ഫിന്‍ സെല്ലുലാര്‍ സര്‍വീസിന്റെ നിരക്കുകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപിയ്ക്കുകയായിരുന്നു. സെല്ലുലാര്‍ സര്‍വീസ് കൂടുതല്‍ പേര്‍ക്ക് താങ്ങാവുന്നതായി മാറ്റുന്നതിനാണ് എംടിഎന്‍എല്‍ നിരക്കുകള്‍ കുറയ്ക്കുന്നതെന്ന് രാം വിലാസ് പാസ്വാന് അറിയിച്ചു.
സ്വകാര്യ സെല്ലുലാര്‍ സര്‍വീസ് കമ്പനികളുമായുള്ള കടുത്ത മത്സരത്തില്‍ പിടിച്ചു നില്‍ക്കുന്നതിനാണ് എംടിഎന്‍എല്‍ നിരക്കുകളില്‍ കുറവ് വരുത്തിയത്. ദില്ലിയില്‍ 2001 മേയില്‍ എംടിഎന് എല്‍ വരിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു.
സ്വകാര്യ സര്‍വീസ് കമ്പനികളായ ഭാരതിയും സ്റ്റര്‍ലിങും തമ്മിലുള്ള ശക്തമായ മത്സരത്തിനിടയില്‍ എംടിഎന്‍എല്ലിന്റെ ഡോള്‍ഫിന്‍ സര്‍വീസ് പിടിച്ചുനില്ക്കാന് പാടുപെടുകയാണ്. നെറ്റ് വര്‍ക്ക് ഒപ്ടിമൈസേഷന് പൂര്‍ത്തിയാകുന്നതോടെ എംടിഎന്‍എല്‍ സര്‍വീസിന് നില മെച്ചപ്പെടുത്താനാവുമെന്നാണ് കരുതപ്പെടുന്നത്.