മില്‍മ യൂണിറ്റ് എന്‍ഡിഡിബി ഏറ്റെടുക്കുന്നു
തിരുവനന്തപുരം: മില്‍മയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം യൂണിറ്റ് ദേശീയ ക്ഷീരവികസന ബോര്‍ഡ് (എന്‍ഡിഡിബി) ഏറ്റെടുക്കും.
ബോര്‍ഡ് ഡയറക്ടറും ധവളവിപ്ലവത്തിന് നേതൃത്വം നല്‍കിയയാളുമായ വി. കുര്യനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യൂണിറ്റ് ഏറ്റെടുക്കാന്‍ ബോര്‍ഡ് തയ്യാറായതെന്ന് ജൂണ്‍ 27 ബുധനാഴ്ച ക്ഷീരവികസന വകുപ്പുമന്ത്രി കെ.ആര്‍. ഗൗരിയമ്മ അറിയിച്ചു.
പുതിയ പ്ലാന്‍റ് സ്ഥാപിക്കാന്‍ എന്‍ഡിഡിബി 100 കോടി രൂപ സഹായം നല്‍കിയേക്കുമെന്നും മന്ത്രി പറഞ്ഞു. മില്‍മയുടെ വികസനം സംബന്ധിച്ച രൂപരേഖ ബോര്‍ഡിന് താമസിയാതെ സമര്‍പ്പിക്കും. പ്രതിദിനം 13 ലക്ഷം ലിറ്റര്‍ മുതല്‍ 15 ലക്ഷം ലിറ്റര്‍ വരെ സംഭരിക്കാന്‍ ശേഷയുള്ള പ്ലാന്റ് ആണ് വിഭാവനം ചെയ്യുന്നതെന്ന് ഗൗരിയമ്മ വ്യക്തമാക്കി.
എറണാകുളം യൂണിറ്റ് ഇപ്പോള്‍ 15 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഏറ്റെടുത്ത് ലാഭത്തിലാക്കി സര്‍ക്കാരിന് തിരികെ നല്‍കാമെന്നാണ് ബോര്‍ഡ് സമ്മതിച്ചിരിക്കുന്നത്. എത്ര കാലയളവിനുള്ളില്‍ ലാഭത്തിലാക്കി തിരികെ നല്‍കാമെന്നത് തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഗൗരിയമ്മ അറിയിച്ചു.
പാല്‍ സംഭരിക്കാത്തതിനാലും വില കുറച്ചതിലും കര്‍ഷകര്‍ സമരത്തിനൊരുങ്ങുകയാണ്. എന്നാല്‍ മില്‍മ സ്ഥാപിച്ച് 20 വര്‍ഷം കഴിഞ്ഞിട്ടും പ്ലാന്റുകളുടെ സംഭരണശേഷി കൂട്ടുകയോ പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. ക്വാട്ട സമ്പ്രദായവും ഇരട്ടവില സമ്പ്രദായവും നിര്‍ത്തും. 54,000 ലിറ്റര്‍ പാല്‍ മില്‍മയില്‍ നിന്നും സംഭരിക്കാന്‍ സ്വകാര്യ ഡയറികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.
യൂണിസെഫിന്റെ സഹായത്തോടെ സംസ്ഥാനത്തെ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് ആറ് മാസത്തേക്ക് ഒരു കപ്പ് പാല്‍ വീതം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിനായി യൂണിസെഫ് അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications