വിമാനത്താവളം: സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കും
തിരുവനന്തപുരം: കൊച്ചി അന്തര്‍ദേശീയവിമാനത്താവള കമ്പനിയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കാന്‍ നീക്കം. ജൂണ്‍ 28 വ്യാഴാഴ്ച ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
ഇതിന് മന്ത്രിസഭയുടെ അംഗീകാരം തേടുമെന്ന് ആന്റണി പറഞ്ഞു. അതേ സമയം കമ്പനിയുടെ മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമ്പാശേരി വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി മുഖ്യമന്ത്രി എ. കെ. ആന്റണി ചുമതലയേറ്റു. സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയുടെ പ്രധാന കവാടമായി കൊച്ചിയെ വികസിപ്പിക്കുമെന്ന് ആന്റണി വാര്‍ത്താലേഖകരെ അറിയിച്ചു. നെടുമ്പാശേരിയുടെയും കൊച്ചിയുടെയും സമഗ്രവികസനത്തിന് പദ്ധതി തയാറാക്കും. ഇതിന് സ്വകാര്യമേഖലയുടെയും സഹായം തേടുമെന്നും ആന്റണി വ്യക്തമാക്കി.
നെടുമ്പാശ്ശേരിയില്‍ നിന്നും കൂടുതല്‍ സര്‍വീസ് തുടങ്ങുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. വിമാനക്കമ്പനികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം വിമാനക്കമ്പനികളുടെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ നെടുമ്പാശേരിക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനെ പറ്റി സൂചിപ്പിച്ചിരുന്നുവെന്നും ആന്റണി വ്യക്തമാക്കി.
വ്യാഴാഴ്ച നടന്ന യോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ സി.ബാബു രാജീവ്, ചീഫ് സെക്രട്ടറി വി.കൃഷ്ണമൂര്‍ത്തി, ഹഡ്കോ ചെയര്‍മാന്‍ എസ്.സുരേഷ്, വിദേശമലയാളികളായ യൂസഫ് അലി, ഇ.എം.ബാബു,സി.വി.ജേക്കബ്, എന്‍.വി.ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
ഇടതുമുന്നണിയുടെ കാലത്ത് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ കെ. ഇ. ഇസ്മയില്‍ അടക്കമുള്ള എല്‍ഡിഎഫ് അംഗങ്ങള്‍ രാജിവച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും പി. പി. തങ്കച്ചന്‍ ഉള്‍പ്പടെയുള്ള അംഗങ്ങള്‍ രാജി വയ്ക്കാത്തതു ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ തുടരുന്നത്. ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിനെ പറ്റി ഉടനെ തന്നെ ചര്‍ച്ചയുണ്ടാവും.












Click it and Unblock the Notifications