പ്രീമിയര്‍ ടയേഴ്സ് യൂണിയനും സിഐടിയുവിന്
കൊച്ചി: കളമശേരി പ്രീമിയര്‍ ടയേഴ്സ് എംപ്ലോയീസ് യൂണിയന്‍ നേതൃസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിഐടിയു വിഭാഗം വിജയിച്ചു. സിഐടിയു മുന്‍ ദേശീയ കൗണ്‍സില്‍ അംഗം പി.എസ്.ഗംഗാധരന്‍ പാര്‍ട്ടി ഔദ്യോഗികവിഭാഗത്തിന്റെ സ്ഥാനാര്‍ഥിയെ തോല്പിച്ച് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ സിഐടിയു വിഭാഗം നേടിയപ്പോള്‍ ജോയന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളേ ഔദ്യോഗികവിഭാഗത്തിന് നേടാനായുള്ളൂ. സിഐടിയു എറണാകുളം ജില്ലാ ജോയന്റ് സെക്രട്ടറി കെ.എന്‍.ഗോപിനാഥനാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഗംഗാധരനെതിരെ മത്സരിച്ചത്. 24 വോട്ടുകളാണ് ഗംഗാധരന്റെ ഭൂരിപക്ഷം.
ഗംഗാധരന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഔദ്യോഗികവിഭാഗം സ്ഥാനാര്‍ഥിയായി ഇപ്പോഴത്തെ എറണാകുളം മേയര്‍ സി.എം.ദിനേശ് മണിയാണ് ഗംഗാധരനെതിരെ മത്സരിച്ചത്. അന്ന് 16 വോട്ടുകളായിരുന്നു വ്യത്യാസമെങ്കില്‍ ഇത്തവണ അത് 24 ആയി.
സിഐടിയു ലോബി ശക്തമായിരിക്കുന്ന എറണാകുളം മേഖലയിലെ യൂണിയനുകളില്‍ തുടര്‍ച്ചയായി പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഔദ്യോഗിക വിഭാഗത്തിന് ഒരിക്കല്‍ കൂടി തിരിച്ചടിയായി പ്രീമിയര്‍ ടയേഴ്സ് എംപ്ലോയീസ് യൂണിയനില്‍ വീണ്ടും സിഐടിയു ലോബി മേധാവിത്തം നേടിയത്.












Click it and Unblock the Notifications