കരുണാനിധിയെ വെല്ലൂര്‍ ജയിലിലേക്ക് മാറ്റും
ചെന്നൈ: അറസ്റ് ചെയ്ത തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ വെല്ലൂര്‍ ജയിലിലേക്ക് മാറ്റും. പൊലീസിന് കീഴടങ്ങിയ കരുണാനിധിയുടെ മകന്‍ സ്റാലിനെ മധുര ജയിലിലേക്കാണ് അയച്ചിട്ടുള്ളത്. ഇരുവരെയും ജൂലായ് 10 ചൊവാഴ്ച വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടിരിക്കുകയാണ്.
എന്നാല്‍ തന്നെ ചെന്നൈ ജയിലില്‍ നിന്നും വെല്ലൂരേക്ക് മാറ്റാനുള്ള തീരുമാനത്തെത്തുടര്‍ന്ന് കരുണാനിധി ജയിലില്‍ അനിശ്ചിത നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്.
അതേസമയം അറസ്റിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ അക്രമസംഭവങ്ങള്‍ വ്യാപിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,500ഓളം ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റു ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ വാഹനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒട്ടേറെ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ തകര്‍ന്നു. പ്രധാനകവലകളിലെല്ലാം കടകള്‍ അടഞ്ഞു കിടക്കുകയാണ്. പത്രവാക്കം റെയില്‍വെ സ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ചില രേഖകളും ടിക്കറ്റുകള്‍ ഒരു സംഘം പിടിച്ചെടുത്ത് കത്തിച്ചതായി റെയില്‍വെ വക്താക്കള്‍ അറിയിച്ചു.
കരുണാനിധി, സ്റാലിന്‍ എന്നിവര്‍ക്കു പുറമെ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മകള്‍ ശെല്‍വി എന്നിവരും പൊലീസ് കസ്റഡിയിലാണ്. കരുണാനിധിയുടെ മറ്റൊരു മകന്‍ എം.കെ. അഴഗിരി, മുന്‍ തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി.ടി.ആര്‍. പളനിവേല്‍രാജന്‍, മധുര മേയര്‍ കുഴന്തൈവേലു എന്നിവര്‍ മധുരയില്‍ അറസ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications