സണ്‍ ടിവി പൊലീസ് പിടിച്ചെടുത്തു
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ അറസ്റിനു ശേഷം തമിഴ്നാട് പൊലീസ് സ്വകാര്യ ടെലിവിഷന്‍ ചാനലായ സണ്‍ ടിവിയുടെ പ്രവര്‍ത്തനം തടഞ്ഞു. ചാനലിലെ ജോലിക്കാരെ പൊലീസ് അകത്തു തന്നെ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്.
റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറാമാന്‍ തുടങ്ങിയവരെ പുറത്തേക്കു പോകാന്‍ പൊലീസ് അനുവദിക്കുന്നില്ല. പൊലീസ് ജോലിയെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും സംപ്രേഷണം തടഞ്ഞിരിക്കുകയാണെന്നും സണ്‍ ടിവി വക്താവ് പറഞ്ഞു. ഞങ്ങള്‍ ഇവിടെ തടവിലാണ്. ഒരു റിപ്പോര്‍ട്ടര്‍മാരെയും അകത്ത് കടക്കാനോ പുറത്തേക്ക് പോകാനോ അനുവദിക്കുന്നില്ല, ന്യൂസ് എഡിറ്റര്‍ മാലന്‍ പറയുന്നു.
കരുണാനിധിയുടെ മരുമകനും ഡിഎംകെ നേതാവുമായ മുരശൊലിമാരന്റെ മകന്‍ കലാനിധി മാരനാണ് സണ്‍ ടിവിയുടെ ഉടമ. തമിഴ്നാട്ടില്‍ നിന്ന് വാര്‍ത്തകള്‍ പുറത്തേക്ക് പോകുന്നത് തടയാനാണ് പൊലീസ് നടപടിയെന്ന് സംശയിക്കുന്നു.
കരുണാനിധിയെയും മകനെയും നാടകീയമായി അറസ്റു ചെയ്തതിനെക്കുറിച്ചും കേന്ദ്രമന്ത്രി മുരശൊലിമാരനെ ആക്രമിച്ചതിനെക്കുറിച്ചും ജനങ്ങള്‍ക്ക് ഉള്ള പരാതികള്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും നേരിട്ട് അറിയിക്കാന്‍ ഉള്ള സൗകര്യം സണ്‍ ടിവി ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് അധികൃതരെ ചൊടിപ്പിച്ചതെന്ന് കരുതുന്നു.
അതേസമയം തമിഴ്നാട്ടിലെ സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി ടി.ആര്‍. ബാലു പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ധരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications