പരാജയകാരണം മുന്നണി സംവിധാനം: ബിജെപി
ചോറ്റാനിക്കര: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട കനത്ത പരാജയത്തിന് കാരണം കേരളത്തില്‍ നിലനില്‍ക്കുന്ന മുന്നണി സംവിധാനമാണെന്ന് ചോറ്റാനിക്കരയില്‍ നടന്ന ബിജെപി സമ്പൂര്‍ണ സമ്മേളനം വിലയിരുത്തി.
ഇരു വിഭാഗങ്ങളിലായി നില്‍ക്കുന്ന മുന്നണികളുടെ ഇടയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന പാര്‍ട്ടിക്ക് ജയിച്ചു വരാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. മുന്നണി സംവിധാനത്തോടൊപ്പം തന്നെ എല്‍ഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്കുണ്ടായിരുന്ന കടുത്ത എതിര്‍പ്പും ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യമായ പങ്കു വഹിച്ചു - സമ്മേളനത്തിനു ശേഷം ബിജെപി പ്രസിഡണ്ട് സി.കെ. പത്മനാഭന്‍ പറഞ്ഞു.
ബിജെപിക്കുള്ളില്‍ വിഭാഗീയതയോ വോട്ടു മറിക്കലോ നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ എല്ലാ ഘട്ടത്തിലും അഖിലേന്ത്യാ നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കൊണ്ടു തന്നെയാണ് പാര്‍ട്ടി സംസ്ഥാന ഘടകം പ്രവര്‍ത്തിച്ചത്.
പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി വിശകലനം ചെയ്ത സമ്മേളനം ബിജെപിക്കുണ്ടായ വോട്ട് ചോര്‍ച്ച ഏറെ ഗൗരവമായെടുത്തു. ഇതിന്റെ പശ്ചാത്തലത്തില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ബിജെപി ദേശീയ പ്രസിഡണ്ട് ജന കൃഷ്ണമൂര്‍ത്തി മുഴുവന്‍ സമയവും സമ്മേളനത്തിനുണ്ടായിരുന്നു. കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍, പാര്‍ട്ടി സംസ്ഥാന-ജില്ലാ ഘടകങ്ങളുടെ ഭാരവാഹികള്‍, പോഷകസംഘടനാ നേതാക്കള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications