തോമസിന്റെ ആരോപണങ്ങള്‍ക്ക് മാണിക്ക് മറുപടിയില്ല
തിരുവനന്തുപുരം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട പി. സി. തോമസിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി ചെയര്‍മാനും മന്ത്രിയുമായ കെ. എം. മാണി മറുപടി പറഞ്ഞില്ല.
ജൂണ്‍ 30 ശനിയാഴ്ച വൈകുന്നേരം മാണി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയപ്പോള്‍ വാര്‍ത്താലേഖകര്‍ കരുതിയത് തോമസിന്റെ ആരോപണങ്ങള്‍ക്ക് മാണി മറുപടി പറയുമെന്നായിരുന്നു. എന്നാല്‍ പട്ടയ വിതരണത്തെ കുറിച്ച് പറയാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് മാണി ആദ്യമേ വ്യക്തമാക്കി. വാര്‍ത്താലേഖകര്‍ എത്ര നിര്‍ബന്ധിച്ചിട്ടും തന്റെ പ്രതികരണം അറിയിക്കാന്‍ മാണി കൂട്ടാക്കിയില്ല.
താന്‍ ബിജെപിയില്‍ അംഗത്വമെടുത്തു എന്ന് തോമസ് പറഞ്ഞാലും തനിക്കൊന്നും പറയാനില്ലെന്ന് മാണി വെളിപ്പെടുത്തി. വാര്‍ത്താലേഖകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങളുടെ മുന്നില്‍ സ്വതവേ സൗമ്യനായ മാണി അല്‍പം ക്ഷുഭിതനാവുകയും ചെയ്തു.
പാര്‍ട്ടിക്കെതിരായ തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍വ സീമകളും ലംഘിച്ചിരിക്കുകയാണെന്നും അതിനാല്‍ അദ്ദേഹം സസ്പെന്‍ഷന്‍ അര്‍ഹിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി പി. എം. മാത്യു പറഞ്ഞു. പി. സി. തോമസ് പാര്‍ട്ടിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മാത്യു പറഞ്ഞു.












Click it and Unblock the Notifications