എന്‍ഡിഎ സംഘം രാഷ്ട്രപതി ഭരണത്തിന് നിര്‍ദേശിക്കും
ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിയോഗിക്കപ്പെട്ട എന്‍ഡിഎ സംഘം ശുപാര്‍ശ ചെയ്യും.
സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതിന്റെ പേരിലാണ് തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ എന്‍ഡിഎ സംഘം നിര്‍ദേശിക്കുന്നത്. മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയില്‍ ബിജെപി നേതാവ് വിജയകുമാര്‍ മല്‍ഹോത്രയുമാണ് കേന്ദ്രസഹമന്ത്രി സുഖ്ദേവ്സിംഗ് ദിന്‍സെയുമാണ് മറ്റംഗങ്ങള്‍.
25,000 പേരെയാണ് ഒരൊറ്റ ദിവസം കൊണ്ട് തമിഴ്നാട് പൊലീസ് അറസ്റ് ചെയ്തതെന്നും സംസ്ഥാനത്തെ ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണെന്നും വിജയ്കുമാര്‍ മല്‍ഹോത്ര പറഞ്ഞു. മുഖ്യമന്ത്രി ജയലളിത സംസ്ഥാനത്തെ അരാജകമായ നിലയിലേക്കാണ് നയിക്കുന്നതെന്നും രാഷട്രപതി ഭരണമാണ് ഇപ്പോഴത്തെ നിലയില്‍ അഭികാമ്യമെന്നും മല്‍ഹോത്ര പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് തനിക്ക് താത്പര്യമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജനകൃഷ്ണമൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു. കൃഷ്ണമൂര്‍ത്തി അടുത്ത ചില ദിവസങ്ങളില്‍ കൂടി ചെന്നൈയിലുണ്ടാവും. എന്‍ഡിഎ സംഘം അറസ്റ് ചെയ്യപ്പെട്ട മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കെ.കരുണാനിധിയെ ഞായറാഴ്ച രാവിലെ ജയിലില്‍ ചെന്നു കണ്ടിരുന്നു.












Click it and Unblock the Notifications