റിപ്പോര്‍ട്ടുകള്‍ എത്തി; കേന്ദ്രം സൂക്ഷ്മപരിശോധനയില്‍
ദില്ലി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെയും കേന്ദ്രമന്ത്രിമാരെയും അനുയായികളെയും അറസ്റു ചെയ്തത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി കമല്‍ പാണ്ടെ റിപ്പോര്‍ട്ടുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തിരിക്കുയാണ്.
തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാ ബീവി, ചീഫ് സെക്രട്ടറി പി. ശങ്കര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളാണ് കേന്ദ്രം പരിശോധിക്കുന്നത്. രണ്ടു റിപ്പോര്‍ട്ടുകളും ജൂലായ് ഒന്ന് ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് കേന്ദ്രത്തിന് അയച്ചത്. റിപ്പോര്‍ട്ടുകള്‍ രാവിലെ ഒമ്പത് മണിക്കകം അയക്കണമെന്ന് ഗവര്‍ണറോടും ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തര സെക്രട്ടറി പാണ്ടെ നിര്‍ദ്ദേശിച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഉടനെ തന്നെ പാണ്ടെ വിവരം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഉന്നതതലത്തില്‍ വിശദമായ പരിശോധന നടന്നുവരുന്നു. കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി റിപ്പോര്‍ട്ടിന്റെ നിയമവശങ്ങളെക്കുറിച്ചാണ് പരിശോധന നടത്തുന്നത്.
ഈ രണ്ടു റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ പ്രത്യേക സെക്രട്ടറി എം.ബി. കൗശല്‍ നല്‍കുന്ന റിപ്പോര്‍ട്ടും ആഭ്യന്തരമന്ത്രാലയം പരിഗണിക്കും. പ്രത്യേക സെക്രട്ടറിയുടെ സംഘം ഞായറാഴ്ച ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. യോഗത്തില്‍ കടുത്ത നടപടികളൊന്നും കൈക്കൊള്ളില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. കേസ് എടുക്കാതെയും കേന്ദ്രത്തെ അറിയിക്കാതെയും കേന്ദ്രമന്ത്രിമാരെ അറസ്റ് ചെയ്തതാണ് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണുന്നത്.
കൂടാതെ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ ഉടനടി കേന്ദ്രത്തെ അറിയിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയാതിരുന്നതും മന്ത്രിസഭ ഗൗരവമായി പരിഗണിക്കും. ഗവര്‍ണര്‍ ഫാത്തിമാ ബീവിയെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനോ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റാനോ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ഏറുകയാണ്.












Click it and Unblock the Notifications