ജയലളിതയുടെ ഗുരുവായൂര്‍ സന്ദര്‍ശനം വീണ്ടും നീട്ടി
തൃശൂര്‍: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെയും അനുയായികളെയും അറസ്റു ചെയ്തതിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉരുണ്ടുകൂടിയ പ്രശ്നങ്ങള്‍ കാരണം തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഗുരുവായൂര്‍ സന്ദര്‍ശനം വീണ്ടും നീട്ടി.
ജൂലായ് ഒന്ന് ഞായറാഴ്ച ജയ ഗുരുവായൂര്‍ സന്ദര്‍ശിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചെന്നൈയിലെ ചില ഔദ്യോഗിക പരിപാടികള്‍ കാരണം ജയലളിതയ്ക്ക് ഞായറാഴ്ച ഗുരുവായൂരിലെത്താന്‍ സാധിക്കുകയില്ലെന്ന് തൃശൂര്‍ പൊലീസിന് വിവരം ലഭിച്ചു. ഇത് നാലാം തവണയാണ് ജയലളിത തന്റെ ക്ഷേത്രസന്ദര്‍ശനം മാറ്റിവക്കുന്നത്.
ജയലളിത ഇനി എന്ന് ഗുരുവായൂര്‍ സന്ദര്‍ശിക്കുമെന്ന് വ്യക്തമല്ല. ജയയുടെ സന്ദര്‍ശനം മാറ്റിവച്ച കാര്യം ദേവസ്വം ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജയ എന്ന് ക്ഷേത്രത്തിലെന്നു പറയാനാവില്ലെന്നാണ് ദേവസ്വം അധികൃതരും പറയുന്നത്.
നേരത്തെ ശനിയാഴ്ച ഗുരുവായൂരില്‍ എത്തി ആനയെ നടയിരുത്തേണ്ടിയിരുന്ന ജയ തന്റെ സന്ദര്‍ശനം ഞായറാഴ്ചയിലേക്ക് മാറ്റിവക്കുകയായിരുന്നു. ഗുരുവായൂരിനു പുറമെ തിരൂരിലെയും തളിപ്പറമ്പിലെയും ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പൂജകള്‍ നടത്താന്‍ ജയലളിതയ്ക്ക് പരിപാടിയുണ്ടായിരുന്നു. ഇതനുസരിച്ച് കേരള പൊലീസ് ഇവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications