തെറ്റുകള്‍ തിരുത്താന്‍ തമിഴ്നാടിനോട് കേന്ദ്രം
ദില്ലി: മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയെ അറസ്റു ചെയ്തതോടനുബന്ധിച്ച് കൈക്കൊണ്ട നടപടികളിലെ തെറ്റുകള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജൂലായ് മൂന്ന് ചൊവാഴ്ച രാത്രി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വീട്ടില്‍ നടന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. അറസ്റില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നതിനാണ് കേന്ദ്രമന്ത്രിസഭ ഊന്നല്‍ നല്‍കിയത്.
പൊലീസ് നടപടിയില്‍ നടന്ന നിയമലംഘനങ്ങള്‍ കണ്ടെത്താനും കുറ്റക്കാരായ ഉദ്യോഗസ്ഥ്ക്കെതിരെ നിയമപ്രകാരമുള്ള നടപടി എടുക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും സുപ്രീം കോടതി എസ്.ആര്‍. ബൊമ്മൈ കേസില്‍ നടത്തിയ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നടപടികളെന്ന് കേന്ദ്രമന്ത്രിസഭ വ്യക്തമാക്കി.
കരുണാനിധിയെയും കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനെയും അറസ്റു ചെയ്ത നിയമങ്ങളും ഭരണഘടനാവകുപ്പുകളും വിശദീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.
ചൊവാഴ്ച വൈകുന്നേരമാണ് നിര്‍ണായകമായ മന്ത്രിസഭായോഗം തുടങ്ങിയത്. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചുവന്ന ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയും യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിസഭയിലെ മിക്കവാറും എല്ലാ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
വിദേശപര്യടനം കഴിഞ്ഞെത്തിയ അദ്വാനിയെ നേരത്തെ എഐഡിഎംകെയുടെ ഒരു സംഘം സന്ദര്‍ശിച്ചിരുന്നു. അറസ്റിനു വഴിവച്ച സംഭവങ്ങളെക്കുറിച്ച് സംഘം ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.












Click it and Unblock the Notifications