വാജ്പേയി-മുഷാറഫ് കൂടിക്കാഴ്ച ജേപീ ഹോട്ടലില്‍
ദില്ലി: ജൂലായ് 15 ഞായറാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും പാകിസ്ഥാന് പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫും തമ്മിലുള്ള കൂടിക്കാഴ്ച ആഗ്രയിലെ ജേപീ പാലസ് ഹോട്ടലില്‍ നടക്കും.
വാജ്പേയി ഇതേ ഹോട്ടലില്‍ത്തന്നെയാണ് താമസിക്കുക. മുഷാറഫിന്റെ താമസത്തിനായി ഐടിസി ഗ്രൂപ്പിന്റെ മുഗള്‍ ഷെരാട്ടണും ഒബിറോയ് ഗ്രൂപ്പിന്റെ അമര്‍ വിലാസും പരിഗണിച്ചുവരികയാണ്. ജൂലായ് മൂന്ന് ചൊവാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചതാണ് ഇക്കാര്യം.
വാജ്പേയിയുടെ കാല്‍മുട്ടിന് അടുത്തിടെ ശസ്ത്രക്രിയ നടന്നതിനാലാണ് അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ത്തന്നെ ചര്‍ച്ച നടത്തുന്നതെന്ന് വക്താവ് അറിയിച്ചു. ഇതിന് പാകിസ്ഥാന്റെ അനുമതി കിട്ടേണ്ടതുണ്ടെങ്കിലും അക്കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും അദ്ദേഹം പ്രത്യാശിച്ചു.
ജയപ്രകാശ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജേപീ പാലസ് ഹോട്ടലില്‍ ഒട്ടേറെ കോണ്‍ഫറന്‍സ് മുറികളും ഉണ്ട്. ഇരു നേതാക്കളും ചര്‍ച്ചകള്‍ക്കായി എത്തുമ്പോള്‍ പ്രതിനിധിസംഘങ്ങള്‍ ചര്‍ച്ച നടത്തുന്നത് ഈ കോണ്‍ഫറന്‍സ് മുറികളിലായിരിക്കും.
മുഷാറഫ് താമസിക്കുന്നത് ഷെരാട്ടണിലായാലും അമര്വിലാസിലായാലും ആഗ്രയിലെ ചരിത്രപ്രസിദ്ധമായ താജ്മഹല്‍ ഭംഗിയായി കാണാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി. അമര്വിലാസിലെ സൗകര്യങ്ങള്‍ പരിശോധിക്കാനായി രണ്ട് പാകിസ്ഥാനി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ഹോട്ടല്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
അമര്‍വിലാസ് ഹോട്ടലില്‍ താമസിക്കാന്‍ മുഷാറഫ് തയ്യാറാവുകയാണെങ്കിലും ഷെരാട്ടണ്‍ ഹോട്ടലിന് വിഷമിക്കേണ്ടിവരില്ല. അങ്ങനെ വന്നാല്‍ കൂട്ടിക്കാഴ്ചയുടെ മീഡിയാ സെന്റര്‍ ഷെരാട്ടണ്‍ ഹോട്ടലിലായിരിക്കും തയ്യാറാക്കുക. ലോകമെമ്പാടുമുള്ള നൂറുകണക്കിന് മാധ്യമപ്രതിനിധികള്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ആഗ്രയിലെത്തും.