നികുതിഭാരം അടിച്ചേല്പിക്കില്ല: ശങ്കരനാരായണന്‍
കൊച്ചി: ജനങ്ങളുടെ മേല്‍ താങ്ങാനാവാത്ത നികുതി ഭാരം അടിച്ചേല്പിക്കാതെ തന്നെ സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനാവുമെന്ന് ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍.
കൂടുതല്‍ നികുതി ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കാന്‍ സര്‍ക്കാര്‍ ഇതേ വരെ തീരുമാനിച്ചിട്ടില്ല. വിഭവസാമാഹരണത്തിന് ധവളപത്രത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ ഏതു തലത്തിലും ചര്‍ച്ച ചെയ്യാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കുറിച്ച് പുറപ്പെടുവിച്ച ധവളപത്രത്തെ പറ്റി പബ്ലിക് റിലേഷന്‍സ് വകുപ്പും എറണാകുളം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ബോര്‍ഡടക്കം കേരളത്തിലെ മിക്ക തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും നഷ്ടത്തിലാണ്. വൈദ്യുതി ബോര്‍ഡ് മാത്രം മാസത്തില്‍ 160 കോടി നഷ്ടമാണ് വരുത്തിവെക്കുന്നത്. അതേ സമയം വൈദ്യുതി നിരക്ക് കൂട്ടുന്നതിനെ പറ്റി ധവളപത്രത്തില്‍ നിര്‍ദേശമൊന്നും മുന്നോട്ടുവെച്ചിട്ടില്ല.
130 പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് ലാഭത്തിലോടുന്നത്. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ പൊതുമുതല്‍ ഉപയോഗിച്ച് നിലനിര്‍ത്തണോയെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടതാണ്.സ്വകാര്യമേഖലയ്ക്ക് വന്‍പങ്കാളിത്തം നല്‍കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേ സമയം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളും നടത്തും.
നികുതിദായകരെ പീഡിപ്പിക്കാതെ തന്നെ നികുതി കുടിശിക പരമാവധി വേഗത്തില്‍ സ്വരൂപിക്കാന്‍ നടപടികളെടുക്കും. കേന്ദ്രവുമായി ഉരസലില്ലാതെ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള വിഹിതം വാങ്ങാന്‍ ശ്രമിക്കും.
പ്രതിപക്ഷത്തിന് ബദല്‍ ധവളപത്രം നിയമസഭയില്‍ മേശപ്പുറത്ത് വെക്കാന്‍ അവകാശമില്ലെന്ന് പാര്‍ലമെന്റികാര്യമന്ത്രി എം.എം.ഹസ്സന്‍ പറഞ്ഞു. ധവളപത്രത്തോട് അസഹിഷ്ണുതാപരമായ ഒരു നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്.
ആന്റണി സര്‍ക്കാര്‍ സംസ്ഥാനത്തെ ധനികര്‍ക്ക് അടിയറ വെക്കാന്‍ ഒരുങ്ങുകയാണെന്നും ധവളപത്രം അതിന്റെ ഭാഗമാണെന്നും സിപിഐ നേതാവ് പന്ന്യന്‍ ചന്ദ്രന്‍ പറഞ്ഞു. ഫിഷറീസ് മന്ത്രി കെ.വി.തോമസ്, മുന്‍ ധനകാര്യമന്ത്രി സി.വി.പദ്മരാജന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications