കരുണാനിധിയെ കൊല്ലുകയായിരുന്നു ലക്ഷ്യം
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ ഇല്ലാതാക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയെന്ന് കേന്ദ്ര വാണിജ്യമന്ത്രി മുരശൊലി മാരന്‍ ആരോപിച്ചു.
ജൂലായ് നാല് ബുധനാഴ്ച ആശുപത്രിയില്‍ നന്ന് വിട്ട ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഞങ്ങളുടെ നേതാവ് കരുണാനിധിയെ ഇല്ലാതാക്കാന്‍ കാര്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. അവരുടെ പ്രവൃത്തിക്ക് ദൃക്സാക്ഷി ഉണ്ടാകരുതെന്ന വിചാരത്തില്‍ എന്നെയും അവര്‍ കൊല്ലാന്‍ ശ്രമിച്ചു, തന്നെയും കരുണാനിധിയെയും പൊലീസ് അറസ്റ് ചെയ്തതിനെയും മര്‍ദ്ദിച്ചതിനെയും പരാമര്‍ശിച്ചുകൊണ്ട് മാരന്‍ പറഞ്ഞു. എന്നാല്‍ ഇത് തന്റെ സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 30 ശനിയാഴ്ച പുലര്‍ച്ചെ കരുണാനിധിയെ അറസ്റു ചെയ്യുന്നതിനിടയ്ക്ക് പൊലീസ് മുരശൊലി മാരനെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് ആരോപണം. തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ചയാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് വിട്ടത്.
താനാണ് പൊലീസിനെ ആക്രമിച്ചതെന്ന് ആരോപണത്തെ മാരന്‍ എതിര്‍ത്തു: ഞാന്‍ ആരെയും അടിച്ചിട്ടില്ല. ഞാനൊരു ജീവന്മരണപോരാട്ടത്തിലായിരുന്നു. തന്നെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം അഭിഭാഷകരുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്നും മാരന്‍ അറിയിച്ചു.
തമിഴ്നാട്ടില്‍ നിലനില്‍ക്കുന്നത് അസാധാരണ സ്ഥിതിവിശേഷമാണെന്ന് പറഞ്ഞ മാരന്‍ ഇതിന് രാഷ്ട്രപതി ഭരണത്തിലൂടെ അസാധാരണ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാട് സര്‍ക്കാരിന് താക്കീത് നല്‍കിയ കേന്ദ്രനടപടി ഒരു തുടക്കം മാത്രമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്പിക്കപ്പെട്ട എഐഡിഎംകെ നേതാവ് ജെ. ജയലളിത മുഖ്യമന്ത്രിയായതു തന്നെ ഭരണഘടനാ ലംഘനമാണെന്ന് മാരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications