50,000 കോടിയുടെ നിക്ഷേപം ആവശ്യം: ആന്റണി
തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന് 50,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ആവശ്യമാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയെ അറിയിച്ചു.
വിദ്യാഭ്യാസം, വിനോദസഞ്ചാരം, വിവരസാങ്കേതിക വിദ്യ, ഗതാഗതം തുടങ്ങിയ മേഖലയ്ക്ക് ആവശ്യമായ തുക ബജറ്റില്‍കൂടി മാത്രം നീക്കിവെക്കാന്‍ സാധ്യമല്ലാത്തതിനാല്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജൂലായ് അഞ്ച് വ്യാഴാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. എന്നാല്‍ പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ സ്വകാര്യനിക്ഷേപത്തിനായിരിക്കും പ്രാധാന്യം നല്‍കുക.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി ഈ ദുരിതം മറികടക്കണക്കാന്‍ ആറ് കോടി രൂപ അടിയന്തിരമായി ആവശ്യമാണെന്ന് പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും ത്യാഗത്തിന് തയ്യാറാകേണ്ടതുണ്ട്. ജൂലായ് 13ന് അവതരിപ്പിക്കുന്ന 2001-02ലേക്കുള്ള ബജറ്റില്‍ കടുത്ത നടപടികളുണ്ടാകുമെന്നതിന്റെ സൂചനയായി മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന കണക്കാക്കപ്പെടുന്നു. കുറച്ചുകാലത്തേക്ക് എംഎല്‍എമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
പൊതുമേഖലാ വികസനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ 507 കോടി രൂപ സ്വരൂപിച്ചെങ്കിലും നയാപൈസ പോലും ആ ആവശ്യത്തിന് ഉപയോഗിച്ചില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനും മറ്റുമായി പണം തിരിച്ചുവിടുകയായിരുന്നു. ഇപ്പോള്‍ ആ തുക പലിശയടക്കം 700 കോടി രൂപയായി സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടക്കേണ്ട സ്ഥിതിയാണ്.
ഇതു കൂടാതെ സഹകരണ ബാങ്കില്‍ നിന്ന് 643 കോടി രൂപയും മറ്റു വകുപ്പുകളില്‍ നിന്ന് 500 കോടി രൂപയും മുന്‍ സര്‍ക്കാര്‍ കടമെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെയാണ് ഈ നീക്കം തുരങ്കം വച്ചത്. എന്നാലും പ്രതിപക്ഷവുമായി ഏറ്റുമുട്ടലിന് സംസ്ഥാന സര്‍ക്കാര്‍ ഇല്ല. എല്ലാ മേഖലയിലും പ്രതിപക്ഷത്തിന്റെ സഹകരണമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിന്നീട് നന്ദിപ്രമേയം 35നെതിരെ 89 വോട്ടുകള്‍ക്ക് നിയമസഭ പാസ്സാക്കി.












Click it and Unblock the Notifications