മുഷാറഫ് സുരക്ഷാകൗണ്‍സില്‍ രൂപീകരിച്ചു
ഇസ്ലാമാബാദ്: ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് ഉപദേശം നല്‍കാന്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് ദേശീയ സുരക്ഷാ കൗണ്‍സില്‍ രൂപീകരിച്ചു. ദേശീയ സുരക്ഷയും ഇസ്ലാമിക നിയമങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രശ്നങ്ങളിലായിരിക്കും കൗണ്‍സില്‍ മുഷാറഫിന് ഉപദേശം നല്‍കുക.
പാകിസ്ഥാന്‍ പ്രസിഡണ്ട് തന്നെയായിരിക്കും കൗണ്‍സിലിന്റെ ചെയര്‍മാന്‍. സ്റാഫ് കമ്മിറ്റിയുടെ തലവന്മാര്‍, നാലു പ്രവിശ്യകളുടെ ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ കൗണ്‍സിലില്‍ അംഗങ്ങളാണ്. പ്രസിഡണ്ടിന് വിശ്വാസം ഉള്ളിടത്തോളം കാലം അംഗങ്ങള്‍ക്ക് കൗണ്‍സിലില്‍ തുടരാന്‍ സാധിക്കും.
പാകിസ്ഥാനില്‍ ഇനി വരുന്ന സര്‍ക്കാരുകള്‍ കൗണ്‍സില്‍ രൂപീകരിച്ചുകൊള്ളണമെന്ന് വകുപ്പുണ്ടോ എന്ന് വ്യക്തമല്ല. നയരൂപീകരണത്തില്‍ കൗണ്‍സിലിനുള്ള സ്വാധീനത്തെ പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം തിരികെ വന്നാലും സൈനികനിയമങ്ങള്‍ പാലിക്കപ്പെടാനുള്ള മുഷാറഫിന്റെ തന്ത്രത്തിന്റെ ഭാഗമാണ് കൗണ്‍സിലിന്റെ രൂപീകരണമെന്ന് പ്രതിപക്ഷകക്ഷികളായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാകിസ്ഥാന്‍ മുസ്ലിംലീഗും ആരോപിച്ചു.












Click it and Unblock the Notifications