ദില്ലിയില്‍ വന്‍ വിമാനദുരന്തം ഒഴിവായി
ദില്ലി: വിമാനത്തിനുള്ളില്‍ പുക കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് പെട്ടെന്ന് തന്നെ വിമാനം നിലത്തിറക്കിയതു മൂലം ദില്ലി വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി. ജൂലായ് എട്ട് ഞായറാഴ്ച ചെന്നൈയിലേക്ക് പോവുകയായിരുന്ന ജെറ്റ് എയര്‍വേസിന്റെ വിമാനമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങിയിരുന്ന വിമാനത്തെ പാരച്യൂട്ട് നിവര്‍ത്തിയാണ് പൈലറ്റ് പെട്ടെന്ന് നിലത്തിറക്കിയത്. ഞായറാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. ഇതിനെത്തുടര്‍ന്ന് വിമാനം ഇപ്പോഴും വിമാനത്താവളത്തില്‍ത്തന്നെ നിര്‍ത്തിയിട്ടിരിക്കുകയാണ്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ജെറ്റ് എയര്‍വേസ് വക്താക്കള്‍ അറിയിച്ചു. 100 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 737 ബോയിംഗ് വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തെക്കുറിച്ച് വ്യോമയാന-എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തങ്ങളും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ജെറ്റ് എയര്‍വേസ് വക്താക്കള്‍ അറിയിച്ചു.












Click it and Unblock the Notifications