പി.സി. തോമസ് പുതിയ പാര്‍ട്ടി രൂപീകരിച്ചു
ദില്ലി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സസ്പെന്‍ഡ് ചെയ്ത പി.സി. തോമസ് എം.പി. പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി) എന്നാണ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന പേര്.
തന്റെ പുതിയ പാര്‍ട്ടി ദേശീയ വീക്ഷണമുള്ളതായിരിക്കുമെന്ന് പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ചു കൊണ്ട് തോമസ് പറഞ്ഞു. ലോക്സഭയിലെ അഞ്ച് സ്വതന്ത്ര എംപിമാരുടെ പിന്തുണ തന്റെ പാര്‍ട്ടിക്കുണ്ടെന്ന് തോമസ് വ്യക്തമാക്കി. താന്‍ നേരത്തെ രൂപീകരിച്ച ദേശീയ കര്‍ഷകമുന്നണിയുടെ പ്രവര്‍ത്തനത്തെ പുതിയ പാര്‍ട്ടിയുടെ രൂപീകരണം ഒരിക്കലും ബാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിസഭയിലേക്കുള്ള തോമസിന്റെ പ്രവേശനത്തിനുള്ള ആദ്യപടിയായാണ് പാര്‍ട്ടി രൂപീകരണത്തെ നിരീക്ഷകര്‍ കരുതുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി ബന്ധം പുലര്‍ത്താന്‍ താനും മാണിയും ശ്രമിച്ചിരുന്നുവെന്ന് തോമസ് നേരത്തെത്തന്നെ പ്രസ്താവിച്ചിരുന്നു.
പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക ഉദ്ഘാടനം മിക്കവാറും ആഗസ്തിലായിരിക്കും നടക്കുക. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ. എം. ജോര്‍ജിന്റെ ചരമദിനം ആഗസ്ത് ഒന്നിനാണ്. അന്ന് കോട്ടയത്ത് വന്‍ റാലിയോടെ പാര്‍ട്ട ിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് പരിപാടി.












Click it and Unblock the Notifications