ഹുറിയത്ത് നേതാക്കള്‍ക്ക് പാക്ക്ഷണം
ദില്ലി: പാക് പട്ടാളമേധാവി മുഷാറഫിന്റെ ഇന്ത്യന്‍ സന്ദര്‍ശനപരിപാടികളില്‍ നിന്നും ഹുറിയത്തിനെ ഒഴിച്ചുനിര്‍ത്തണമെന്ന ഇന്ത്യയുടെ തീരുമാനത്തിന് തിരിച്ചടി. പാക് ഹൈക്കമ്മീഷണര്‍ അഷ്റഫ് ജഹാംഗീര്‍ ഖാസി ജൂലായ് ഒമ്പത് തിങ്കളാഴ്ച ഓള്‍ പാര്‍ടി ഹുറിയത്തിനെ ചായസല്ക്കാരച്ചടങ്ങിലേക്ക് ക്ഷണിച്ചതോടെയാണിത്.
ഹുറിയത്തിന്റെ ഏഴ് എക്സിക്യൂട്ടീവ് അംഗങ്ങളെയും അദ്ദേഹം മുഷാറഫിന് ദില്ലിയില്‍ നല്കുന്ന സ്വീകരണച്ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ജൂലായ് 14 ശനിയാഴ്ച ദില്ലിയിലെ പാകിസ്ഥാന്‍ ഹൗസില്‍ സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന ചായസല്ക്കാരച്ചടങ്ങിലേക്കാണ് ഹുറിയത്ത് നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്.
തങ്ങളെ പാകിസ്ഥാന്‍ ഹൗസില്‍ മുഷാറഫിന് നല്കുന്ന സ്വീകരണച്ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഹുറിയത്തിന്റെ മുന്‍ ചെയര്‍മാന്‍ മിര്‍വേസ് ഒമര്‍ ഫാറൂഖ് വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയോട് പറഞ്ഞു. മാലിയില്‍ വച്ച് പാക് ഹൈക്കമ്മീഷണറെ കണ്ടിരുന്നെന്നും ഇന്തോ-പാക് ഉച്ചകോടിയിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും മിര്‍വേസ് ഒമര്‍ ഫാറൂഖ് പറഞ്ഞു.
ഹുറിയത്ത് നേതാക്കളെ ക്ഷണിച്ചത് ശരിയായ നടപടിയാണെന്ന് പാക് ഹൈക്കമ്മീഷണര്‍ ഖാസി അറിയിച്ചു. എന്നാല്‍ ഇത് മൂലം വാജ്പേയി-മുഷാറഫ് ഉച്ചകോടിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹുറിയത്ത് പ്രശ്നം ഉച്ചകോടിയെ ബാധിക്കില്ലെന്ന് ഇസ്ലാമബാദില്‍ നിന്നുള്ള ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ചായസല്ക്കാരത്തില്‍ ഹുറിയത്ത് പങ്കെടുക്കുന്നു എന്നത് ഉച്ചകോടിയിലെ ചര്‍ച്ചകളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും ഇസ്ലാമബാദില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications