കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സുരക്ഷാചുമതല പൊലീസിന് തന്നെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ ഇക്കുറിയും സുരക്ഷാനടപടികളുടെ ചുമതല പൊലീസിന് തന്നെയായിരിക്കുമെന്ന് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ജൂലായ് ഒമ്പത് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമല തീര്‍ത്ഥാടനത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി ചേര്‍ന്ന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകരവിളക്ക് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം ഒരു തടസ്സമാവില്ലെന്ന് മുഖ്യമന്ത്രി ആന്റണി യോഗത്തില്‍ പറഞ്ഞു. അത്യാവശ്യമരുന്നുകള്‍ വാങ്ങാന്‍ ആരോഗ്യവകുപ്പിന് ഒക്ടോബര്‍ 15ന് മുമ്പ് 25 ലക്ഷം രൂപ ദേവസ്വം ബോര്‍ഡ് നല്കും. മാലിന്യസംസ്കരണ പ്ലാന്റിന്റെ പണികള്‍ നവമ്പര്‍ ഒന്നിന് മുന്‍പായി തീര്‍ക്കുമെന്നും ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഉറപ്പുനല്കി.

തിരുവല്ല, ചെങ്ങന്നൂര്‍, റാന്നി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഈ ആശുപത്രികളില്‍ 12 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കും. ദേവസ്വത്തിനും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അവരുടെ സേവനപ്രവര്‍ത്തനങ്ങള്‍ സുഗമമായി നിര്‍വഹിക്കുന്നതിന് തടസ്സമുണ്ടാകാതിരിക്കാന്‍ ആവശ്യമായ സാഹചര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും.

യോഗത്തില്‍ ഉണ്ടായ തീരുമാനങ്ങള്‍ ശരിയായി നടപ്പാകുന്നുണ്ടോ എന്ന് ആരായാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ മൂന്നിന് വീണ്ടും യോഗം ചേരും. ധനമന്ത്രി കെ. ശങ്കരനാരായണന്‍, വനംമന്ത്രി കെ. സുധാകരന്‍, ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍, പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X