ഒറീസയില്‍ മൂന്നു മന്ത്രിമാരെ പുറത്താക്കി
ഭുവനേശ്വര്‍: അപ്രതീക്ഷിതമായ ഒരു നീക്കത്തില്‍ ഒറീസയിലെ ബിജു ജനതാദള്‍ മന്ത്രിസഭയിലെ മൂന്നു മുതിര്‍ന്ന മന്ത്രിമാരെ പുറത്താക്കി. ബിജു ജനതാദളിലും (ബിജെഡി) ഒറീസ സര്‍ക്കാരിലും ഈ നീക്കം കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
തൊഴില്‍ മന്ത്രിയും ബിജെഡി വര്‍ക്കിംഗ് പ്രസിഡണ്ടുമായ നളിനി മൊഹന്തി, ആരോഗ്യമന്ത്രി ഡോ. കമലാ ദാസ്, ഗ്രാമവികസന-ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രശാന്ത് നന്ദ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.
മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പുറത്താക്കിയതെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് പറഞ്ഞു. അവര്‍ക്കെതിരെ വിജിലന്‍സ് അനേഷണവും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ നവീന്‍ പട്നായിക്കിന് സ്വീകാര്യരായ ചിലരെ മന്ത്രിസഭയില്‍ എടുക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
നവീന്‍ പട്നായിക്കിന്റെ ഈ നീക്കം ഒറീസ രാഷ്ട്രീയത്തില്‍ കാര്യമായ ചേരിതിരിവ് സൃഷ്ടിച്ചേക്കുമെന്ന് കരുതുന്നു. അടുത്ത സുഹൃത്തുക്കളും അനുയായികളുമായി ആലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പുറത്താക്കപ്പെട്ട മന്ത്രി നളിനി സിംഹ് പറഞ്ഞു. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൊഹന്തിക്ക് ഒറീസയില്‍ നല്ല ജനപിന്തുണയുണ്ട്. അദ്ദേഹം ഇതിനകം തന്നെ ബിജെഡിയുടെ വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവച്ചിട്ടുണ്ട്.
പുറത്താക്കപ്പെട്ട മറ്റൊരു മന്ത്രിയായ പ്രശാന്ത് നന്ദ പ്രമുഖ ബിജെപി നേതാവാണ്. ചില മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നെങ്കിലും തന്റെ സ്ഥാനവും തെറിക്കുമെന്ന് അദ്ദേഹം കരുതുയിരുന്നില്ലത്രെ. എന്നെ പുറത്താക്കി എന്ന് ഞാനറിയുന്നത് ഇപ്പോഴാണ്. എന്തിനാണെന്നറിയില്ല. ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ എനിക്ക് സമയം വേണം, നന്ദ പറഞ്ഞു. നന്ദയെ പുറത്താക്കിയത് ബിജെഡിയുടെ സഖ്യകക്ഷിയായ ബിജെപിയെ ചൊടിപ്പിക്കുമെന്നറിയുന്നു.












Click it and Unblock the Notifications