വിദേശ മദ്യഷാപ്പുകള്‍ക്കുള്ള വിലക്ക് നീക്കി
കൊച്ചി: സംസ്ഥാനത്തെ 13 ജില്ലകളില്‍ 55 വിദേശമദ്യഷാപ്പുകള്‍ തുടങ്ങുന്നത് സ്റേ ചെയ്ത നടപടി കേരള ഹൈക്കോടതി റദ്ദ് ചെയ്തു. എന്നാല്‍ ഇതിനെക്കുറിച്ച് കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ തീര്‍പ്പാകുന്നതുവരെ മദ്യഷാപ്പുകള്‍ തുടങ്ങരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജൂലായ് 11 ബുധനാഴ്ച ആക്ടിംഗ് ചീഫ് ജസ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍, ജസ്റിസ് ടി.എം. ഹസ്സന്‍ പിള്ള എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ചാണ് ഈ ഉത്തരവിട്ടത്. ജൂലായ് മൂന്നിന് ഇതേ ഡിവിഷന്‍ ബഞ്ച് തന്നെ ഏര്‍പ്പെടുത്തിയ സ്റേയാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. അബ്കാരി നിയമത്തിലെ നാലാം ചട്ടത്തില്‍ ഭേദഗതി വരുത്തിയെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് സ്റേ നീക്കിയത്.
കേരള സ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍, കേരള സ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ എന്നിവയുടെ കീഴില്‍ 55 വിദേശമദ്യഷാപ്പുകള്‍ തുടങ്ങാന്‍ ജൂണ്‍ 20ന് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ കേരള മദ്യനിരോധനസമിതി സെക്രട്ടറി ജയപ്രകാശ് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്.
വ്യാജമദ്യവില്പന തടയുന്നതിനും സ്വകാര്യമദ്യവ്യാപാരം ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനും ഉള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വിദേശമദ്യഷാപ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. പുതുതായി ബാര്‍ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചപ്പോള്‍ ആ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ ഉചിതമായിരിക്കുമെന്ന് ഡിവിഷന്‍ബഞ്ച് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications